| Monday, 25th March 2024, 10:35 pm

ദിനേഷ് കാര്‍ത്തിക്കിന് പകരമെത്തിയവന്‍ ധോണിക്കും ഗില്‍ക്രിസ്റ്റിനുമൊപ്പം; മുമ്പില്‍ സഞ്ജുവിന്റെ ആശാന്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന പഞ്ചാബ് കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തില്‍ തകര്‍പ്പന്‍ നേട്ടവുമായി ആര്‍.സി.ബി വിക്കറ്റ് കീപ്പര്‍ അനുജ് റാവത്ത്. ഒരു ഐ.പി.എല്‍ മത്സരത്തില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ എന്ന നേട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് റാവത്ത് റെക്കോഡിട്ടത്.

മത്സരത്തില്‍ നാല് ക്യാച്ചുകളാണ് അനുജ് റാവത്ത് സ്വന്തമാക്കിയത്. പ്രഭ്‌സിമ്രാന്‍ സിങ്, ലിയാം ലിവിങ്സ്റ്റണ്‍, സാം കറന്‍, ജിതേഷ് ശര്‍മ എന്നിവരുടെ ക്യാച്ചുകളാണ് അനുജ് റാവത്ത് കൈപ്പിടിയിലൊതുക്കിയത്.

ഈ നേട്ടത്തില്‍ ഇതിഹാസ താരങ്ങളായ ആദം ഗില്‍ക്രിസ്റ്റിനും എം.എസ്. ധോണിക്കുമൊപ്പമെത്താനും റാവത്തിനായി.

ലങ്കന്‍ ലെജന്‍ഡും രാജസ്ഥാന്‍ റോയല്‍സ് പരിശീലകനുമായ കുമാര്‍ സംഗക്കാരയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2011ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ഭാഗമായിരിക്കെ ആര്‍.സി.ബിക്കെതിരായ മത്സരത്തില്‍ അഞ്ച് ക്യാച്ചുകളാണ് സംഗ നേടിയത്.

തിലകരത്‌നെ ദില്‍ഷന്‍, എ.ബി. ഡി വില്ലിയേഴ്‌സ്, സൗരഭ് തിവാരി, ജൊഹാന്‍ വാന്‍ ഡെര്‍ വാത്, റയാന്‍ നിനെന്‍ എന്നിവരുടെ ക്യാച്ചുകളാണ് സംഗക്കാര നേടിയത്.

ഒരു ഐ.പി.എല്‍ മാച്ചില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍

താരം – ക്യാച്ചുകള്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍

കുമാര്‍ സംഗക്കാര – 5 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 2011

അനുജ് റാവത്ത് – 4 – പഞ്ചാബ് കിങ്‌സ് – 2024*

ആദം ഗില്‍ക്രിസ്റ്റ് – 4 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2012

പാര്‍ത്ഥിവ് പട്ടേല്‍ – 4 – ഗുജറാത്ത് ലയണ്‍സ് – 2016

നമന്‍ ഓജ – 4 – മുംബൈ ഇന്ത്യന്‍സ് – 2016

ക്വിന്റണ്‍ ഡി കോക്ക് – 4 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 2019

എം.എസ്.ധോണി – 4 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2020

ദിനേഷ് കാര്‍ത്തിക് – 4 – രാജസ്ഥാന്‍ റോയല്‍സ് – 2020

വൃദ്ധിമാന്‍ സാഹ – 4 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2022

റഹ്‌മാനുള്ള ഗുര്‍ബാസ് – 4 – പഞ്ചാബ് കിങ്‌സ് – 2023

അതേസമയം, പഞ്ചാബിനിതിരെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് മൂന്നാം വിക്കറ്റ് നഷ്ടമായിരിക്കുകയാണ്. 11ാം ഓവറിലെ മൂന്നാം പന്തില്‍ രജത് പാടിദാറിനെയാണ് ഹോം ടീമിന് നഷ്ടമായത്. 18 പന്തില്‍ 18 റണ്‍സ് നേടി നില്‍ക്കവെ ഹര്‍പ്രീത് ബ്രാറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.

നിലവില്‍ 11 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 88 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ആര്‍.സി.ബി. 34 പന്തില്‍ 51 റണ്‍സുമായി വിരാട് കോഹ്‌ലിയും രണ്ട് പന്തില്‍ ഒരു റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് ക്രീസില്‍.

Content highlight: IPL 2024: PBKS vs RCB: Anuj Rawat takes 4 catches

We use cookies to give you the best possible experience. Learn more