ഐ.പി.എല്‍ 2024ലെ 33ാം മത്സരം പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി.
സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയും രോഹിത് ശര്‍മ, തിലക് വര്‍മ എന്നിവരുടെ ഇന്നിങ്‌സുമാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
53 പന്തില്‍ 78 റണ്‍സാണ് സ്‌കൈ നേടിയത്. രോഹിത് ശര്‍മ 25 പന്തില്‍ 36 റണ്‍സടിച്ചപ്പോള്‍ 18 പന്തില്‍ പുറത്താകാതെ 34 റണ്‍സാണ് തിലക് വര്‍മ അടിച്ചെടുത്തത്. രണ്ട് ഫോറും രണ്ട് സിക്‌സറും അടക്കം 188.89 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് തിലക് വര്‍മ സ്വന്തമാക്കിയത്. ഐ.പി.എല്ലിലെ 50 സിക്‌സര്‍ എന്ന നേട്ടമാണ് താരം തന്റെ പേരിലെഴുതിച്ചേര്‍ത്തത്.
ഇതോടെ 21 വയസില്‍ ഏറ്റവുമധികം ഐ.പി.എല്‍ സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും തിലക് വര്‍മക്കായി.
21ാം വയസില്‍ ഏറ്റവുമധികം ഐ.പി.എല്‍ സിക്‌സര്‍ നേടിയ താരങ്ങള്‍
(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)
റിഷബ് പന്ത് – 94
തിലക് വര്‍മ – 50*
യശസ്വി ജെയ്‌സ്വാള്‍ – 48
പൃഥ്വി ഷാ – 45
സഞ്ജു സാംസണ്‍ – 35
അതേസമയം, മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് തുടക്കം പാളിയിരിക്കുകയാണ്. രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ 14 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് പഞ്ചാബ്.
ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ ജെറാള്‍ഡ് കോട്‌സി ഗോള്‍ഡന്‍ ഡക്കാക്കി മടക്കിയപ്പോള്‍ അപകടകാരികളായ റിലി റൂസോയെയും ക്യാപ്റ്റന്‍ സാം കറനെയും രണ്ടാം ഓവറില്‍ ജസ്പ്രീത് ബുംറയും മടക്കി.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
റിലീ റൂസോ, പ്രഭ്‌സിമ്രാന്‍ സിങ്, സാം കറന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, അര്‍ഷ്ദീപ് സിങ്.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്‌സി, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ.
Content Highlight: IPL 2024: PBKS vs MI: Tilak Varma completes 50 IPL sixes