സിക്‌സറടിച്ചവന്റെ വിക്കറ്റെടുത്തുള്ള പ്രതികാരവും അത് കഴിഞ്ഞുള്ള നോട്ടവുമൊക്കെ ചുമ്മാ തീ, പക്ഷേ...
IPL
സിക്‌സറടിച്ചവന്റെ വിക്കറ്റെടുത്തുള്ള പ്രതികാരവും അത് കഴിഞ്ഞുള്ള നോട്ടവുമൊക്കെ ചുമ്മാ തീ, പക്ഷേ...
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th March 2024, 10:30 pm

 

ഐ.പി.എല്‍ 2024ലെ 11ാം മത്സരം ലഖ്‌നൗവിലെ എകാന സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. പഞ്ചാബ് കിങ്‌സാണ് ഹോം ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടി.

ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുമാണ് ലഖ്നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്.

ഡി കോക്ക് 38 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 42 റണ്‍സാണ് നിക്കോളാസ് പൂരന്‍ അടിച്ചെടുത്തത്. 22 പന്തില്‍ പുറത്താകാതെ 43 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ സ്വന്തമാക്കിയത്. നാല് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ചര്‍ച്ചയാകുന്നത്. ലഖ്‌നൗ സൂപ്പര്‍ താരം മാര്‍കസ് സ്‌റ്റോയ്‌സിനെ മടക്കിയ രാഹുല്‍ ചഹറിന്റെ പ്രതികാരമാണ് ചര്‍ച്ചാ വിഷയം.

ഒമ്പതാം ഓവറിലാണ് ചഹര്‍ സ്‌റ്റോയ്‌നിസിനെ പുറത്താക്കുന്നത്. തുടര്‍ച്ചയായ രണ്ട് സിക്‌സറുകള്‍ വഴങ്ങിയതിന് പിന്നാലെയാണ് ചഹര്‍ താരത്തെ പുറത്താക്കിയത്.

ഒമ്പതാം ഓവറിലെ രണ്ടാം പന്തിലും മൂന്നാം പന്തിലും ചഹറിനെ തുടര്‍ച്ചയായി സിക്‌സറിന് പറത്തിക്കൊണ്ടാണ് സ്റ്റോയ്‌നിസ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. എന്നാല്‍ ഈ രണ്ട് പന്തുകളേക്കാള്‍ വേഗത്തിലെത്തിയ ഓവറിലെ നാലാം പന്തില്‍ താരം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

12 പന്തില്‍ 19 റണ്‍സാണ് സ്റ്റോയ്‌നിസ് സ്വന്തമാക്കിയത്.

എന്നാല്‍, സ്റ്റോയ്‌നിസിന്റെ വിക്കറ്റ് നേടാന്‍ സാധിച്ചെങ്കിലും ചഹര്‍ കാര്യമായി റണ്‍സ് വഴങ്ങിയിരുന്നു. മൂന്ന് ഓവറില്‍ 42 റണ്‍സാണ് താരം വഴങ്ങിയത്.

14.00 എന്ന എക്കോണമിയിലാണ് ചഹര്‍ റണ്‍സ് വഴങ്ങിയത്. പഞ്ചാബ് നിരയിലെ ഏറ്റവും മോശം എക്കോണമിയാണിത്.

അതേസമയം, ലഖ്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 88 റണ്‍സ് എന്ന നിലയിലാണ്. 34 പന്തില്‍ 51 റണ്‍സുമായി ശിഖര്‍ ധവാനും 20 പന്തില്‍ 37 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, സാം കറന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, കെ.എല്‍. രാഹുല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, എം. സിദ്ധാര്‍ത്ഥ്.

 

Content Highlight: IPL 2024: PBKS vs LSG: Rahul Chahar dismiss Marcus Stoinis’ stumps after consecutive sixes