| Saturday, 30th March 2024, 10:59 pm

156 കിലോമീറ്റര്‍ 😳🥵 ഐ.പി.എല്ലിലെ ആദ്യ ഓവറില്‍ പടിയിറക്കിവിട്ടത് സഞ്ജുവിന്റെ പ്രയപ്പെട്ടവനെ; ഒന്ന് നോക്കിവെച്ചോ, ഇവന്‍ അക്തറിനെയും വെല്ലും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 11ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. എകാന സ്‌പോര്‍ട്‌സ് കോംപ്ലെക്‌സാണ് മത്സരത്തിന് വേദിയാകുന്നത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലഖ്‌നൗ ആദ്യം ബാറ്റ് ചെയ്യുകയും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടുകയും ചെയ്തു.

ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സുമാണ് ലഖ്നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്.

ഡി കോക്ക് 38 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 42 റണ്‍സാണ് നിക്കോളാസ് പൂരന്‍ അടിച്ചെടുത്തത്. 22 പന്തില്‍ പുറത്താകാതെ 43 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറിയ പഞ്ചാബ് എകാനയിലെ ഏറ്റവുമയര്‍ന്ന സ്‌കോര്‍ കണ്ടെത്തി ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ്.

മത്സരത്തില്‍ രണ്ട് അരങ്ങേറ്റ താരങ്ങള്‍ക്കാണ് ലഖ്‌നൗ അവസരം നല്‍കിയിരിക്കുന്നത്. യുവതാരങ്ങളായ എം. സിദ്ധാര്‍ത്തിനെയും മായങ്ക് യാദവിനെയുമാണ് ലഖ്‌നൗ ടീമിലുള്‍പ്പെടുത്തിയത്.

സിദ്ധാര്‍ത്ഥ് ഇന്നിങ്‌സിലെ ആദ്യ ഓവര്‍ എറിഞ്ഞപ്പോള്‍ ഒമ്പതാം ഓവറാണ് പൂരന്‍ യാദവിനെയേല്‍പിച്ചത്.

ഈ ഓവറില്‍ തന്നെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ 2024ലെ ഏറ്റവും വേഗതയേറിയെ ഡെലിവെറിയുടെ റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഓവറിലെ ആറാം പന്തില്‍ 155.2 കിലോമീറ്റര്‍ വേഗതയിലാണ് താരമെറിഞ്ഞത്.

രാജസ്ഥാന്‍ റോയല്‍സിന്റെ നാന്ദ്രേ ബര്‍ഗറിനെ മറികടടന്നുകൊണ്ടാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 153 കിലോമീറ്ററായിരുന്നു താരത്തിന്റെ വേഗതയേറിയ പന്ത്.

എന്നാല്‍ തന്റെ രണ്ടാം ഓവറില്‍ തന്റെ തന്നെ നേട്ടം തിരുത്തിക്കുറിക്കാനും യാദവിന് സാധിച്ചിരുന്നു. 156 കിലോമീറ്റര്‍ വേഗതയിലാണ് താരത്തിന്റെ കയ്യില്‍ നിന്നും പന്ത് മൂളിയെത്തിയത്.

പഞ്ചാബ് ഇന്നിങ്‌സിലെ 14 ഓവര്‍ അവസാനിക്കുമ്പോള്‍ മൂന്ന് ഓവറാണ് യാദവ് എറിഞ്ഞത്. പഞ്ചാബ് നിരയില്‍ രണ്ട് വിക്കറ്റ് വീണപ്പോള്‍ രണ്ടിനും കാരണക്കാരനായത് യാദവാണ്.

ജോണി ബെയര്‍സ്‌റ്റോയെ മാര്‍കസ് സ്‌റ്റോയ്‌നിസിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയ യാദവ് പ്രഭ്‌സിര്മാന്‍ സിങ്ങിനെ നവീന്‍ ഉള്‍ ഹഖിന്റെ കൈകളിലെത്തിച്ചും മടക്കി. 24 റണ്‍സാണ് താരം ഇതുവരെ വഴങ്ങിയത്.

അതേസമയം, 14 ഓവര്‍ പിന്നിടുമ്പോള്‍ 129ന് രണ്ട് എന്ന നിലയിലാണ് പഞ്ചാബ്. 54 പന്തില്‍ 67 റണ്‍സുമായി ധവാനും മൂന്ന് പന്തില്‍ ഒരു റണ്ണുമായി ജിതേഷ് ശര്‍മയുമാണ് ക്രീസില്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, സാം കറന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, കെ.എല്‍. രാഹുല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, എം. സിദ്ധാര്‍ത്ഥ്.

Content Highlight: IPL 2024: PBKS vs LSG: Mayank Yadav tops the list of fastest delivery of IPL 2024

We use cookies to give you the best possible experience. Learn more