രോഗി ഇച്ഛിച്ചതും ലഖ്‌നൗ കല്‍പിച്ചതും ഒന്ന്; ധവാന് ലോട്ടറി, പുതിയ ക്യാപ്റ്റന് കീഴില്‍ ഹോം ടീം
IPL
രോഗി ഇച്ഛിച്ചതും ലഖ്‌നൗ കല്‍പിച്ചതും ഒന്ന്; ധവാന് ലോട്ടറി, പുതിയ ക്യാപ്റ്റന് കീഴില്‍ ഹോം ടീം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th March 2024, 7:19 pm

 

ഐ.പി.എല്‍ 2024ലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – പഞ്ചാബ് മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ച് ലഖ്‌നൗ. തങ്ങളുടെ സ്വന്തം തട്ടകമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ നിക്കോളാസ് പൂരന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

കെ.എല്‍. രാഹുലിന് പകരമാണ് താരം ക്യാപ്റ്റന്‍സിയേറ്റെടുത്തിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയാല്‍ തങ്ങള്‍ ബൗളിങ്ങായിരിക്കും തെരഞ്ഞെടുക്കുക എന്നാണ് പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ പറഞ്ഞത്. മഞ്ഞുവീഴ്ചയുടെ ആനുകൂല്യം മുതലെടുക്കാന്‍ ടോസ് ലഭിച്ചാല്‍ തങ്ങള്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുമെന്നും ധവാന്‍ പറഞ്ഞു.

സീസണിലെ ആദ്യ ജയം തേടിയാണ് ലഖ്‌നൗ കളത്തിലിറങ്ങുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റാണ് ലഖ്‌നൗ ക്യാംപെയ്ന്‍ ആരംഭിച്ചത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിന്റെ തോല്‍വിയാണ് ലഖ്‌നൗവിന് നേരിടേണ്ടി വന്നത്.

അതേസമയം, ആദ്യ മത്സരം വിജയിച്ചും രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടുമാണ് ധവാനും സംഘവും മൂന്നാം മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനോട് നാല് വിക്കറ്റിന് വിജയിച്ച പഞ്ചാബ് രണ്ടാം മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു.

റോയല്‍ ചലഞ്ചേഴ്‌സിന്റെ ഹോം സ്‌റ്റേഡിയമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു പഞ്ചാബ് സിംഹങ്ങളുടെ തോല്‍വി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, കെ.എല്‍. രാഹുല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, എം. സിദ്ധാര്‍ത്ഥ്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, സാം കറന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.

 

 

Content highlight: IPL 2024: PBKS vs LSG: Lucknow won the toss and chose to batting first