ഒരുവശത്ത് പാണ്ഡ്യ കളിയാക്കലുകളേറ്റുവാങ്ങുമ്പോള്‍ മറുവശത്ത് പാണ്ഡ്യ കയ്യടികളേറ്റുവാങ്ങുന്നു; ധോണി മുമ്പനായ ലിസ്റ്റില്‍ ഇനി സഞ്ജുവിനൊപ്പം
IPL
ഒരുവശത്ത് പാണ്ഡ്യ കളിയാക്കലുകളേറ്റുവാങ്ങുമ്പോള്‍ മറുവശത്ത് പാണ്ഡ്യ കയ്യടികളേറ്റുവാങ്ങുന്നു; ധോണി മുമ്പനായ ലിസ്റ്റില്‍ ഇനി സഞ്ജുവിനൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th March 2024, 9:58 pm

 

ഐ.പി.എല്‍ 2024ലെ 11ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ച്വറിയും ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുമാണ് ലഖ്‌നൗവിനെ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലെ ഏറ്റവുമുയര്‍ന്ന ആദ്യ ഇന്നിങ്‌സ് സ്‌കോറിലെത്തിച്ചത്.

ഡി കോക്ക് 38 പന്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 42 റണ്‍സാണ് നിക്കോളാസ് പൂരന്‍ അടിച്ചെടുത്തത്. 22 പന്തില്‍ പുറത്താകാതെ 43 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ സ്വന്തമാക്കിയത്. നാല് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ ഒരു റെക്കോഡും പാണ്ഡ്യയെ തേടിയെത്തി. ഐ.പി.എല്ലില്‍ 40കളില്‍ പുറത്താകാതെ ഇന്നിങ്‌സ് അവസാനിപ്പിക്കുന്ന താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നാണ് പാണ്ഡ്യ റെക്കോഡിട്ടിരിക്കുന്നത്.

 

ഐ.പി.എല്ലില്‍ ഇത് അഞ്ചാം തവണയാണ് ക്രുണാല്‍ പാണ്ഡ്യ 40 റണ്‍സിനും 50 റണ്‍സിനും ഇടയില്‍ പുറത്താകാതെ തുടരുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 40കളില്‍ പുറത്താകാതെ നിന്ന താരങ്ങള്‍

എം.എസ്. ധോണി – 12 തവണ

യൂസുഫ് പത്താന്‍ – 8 തവണ

ആന്ദ്രേ റസല്‍ – 7 തവണ

ദിനേഷ് കാര്‍ത്തിക് – 7 തവണ

ക്രുണാല്‍ പാണ്ഡ്യ – 5 തവണ*

സഞ്ജു സാംസണ്‍ – 5 തവണ

ജീന്‍ പോള്‍ ഡുമ്‌നി – 5 തവണ

എ.ബി. ഡി വില്ലിയേഴ്‌സ – 5 തവണ

സുരേഷ് റെയ്‌ന – 5 തവണ

അതേസമയം, ലഖ്‌നൗ ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 32 എന്ന നിലയിലാണ്. 14 പന്തില്‍ 22 റണ്‍സുമായി ശിഖര്‍ ധവാനും നാല് പന്തില്‍ പത്ത് റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, സാം കറന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, കെ.എല്‍. രാഹുല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, എം. സിദ്ധാര്‍ത്ഥ്.

 

 

Content highlight: IPL 2024: PBKS vs LSG: Krunal Pandya’s brilliant batting performance