|

സഞ്ജുവും രാജസ്ഥാനും സ്വീകരിച്ച ഏറ്റവും മികച്ച തീരുമാനം; പഞ്ചാബ് - ലഖ്‌നൗ മത്സരത്തിലും അത് പ്രകടമാകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 11ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലാണ് മത്സരം അരങ്ങേറുന്നത്. ടോസ് നേടിയ ലഖ്‌നൗ നായകന്‍ നിക്കോളാസ് പൂരന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

പവര്‍പ്ലേയില്‍ മോശമല്ലാത്ത ബാറ്റിങ് പ്രകടനമാണ് ലഖ്‌നൗ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. 54 റണ്‍സാണ് ആദ്യ ആറ് ഓവറില്‍ നിന്നുമായി സൂപ്പര്‍ ജയന്റ്‌സ് അടിച്ചെടുത്തത്. മോശമല്ലാത്ത ബാറ്റിങ് പ്രകടനം ടീം കാഴ്ചവെച്ചിരുന്നെങ്കിലും രണ്ട് വിക്കറ്റ് ഹോം ടീമിന് നഷ്ടമായിരുന്നു.

ഒമ്പത് പന്തില്‍ 15 റണ്‍സ് നേടിയ കെ.എല്‍. രാഹുലും ആറ് പന്തില്‍ ഒമ്പത് റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് പുറത്തായത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ദേവ്ദത്ത് പടിക്കല്‍ സ്‌കോര്‍ ബോര്‍ഡിനെ വിഷമിപ്പിക്കാതെ പവലിയനിലേക്ക് തിരിച്ചുനടക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ പൂജ്യത്തിനാണ് പടിക്കല്‍ പുറത്തായത്.

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സ്വാപ് ഡിലിലൂടെയാണ് പടിക്കല്‍ ലഖ്‌നൗവിലെത്തിയത്. തന്റെ പഴയ സഹതാരത്തിനെ ട്രെന്റ് ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡാക്കി പുറത്താക്കുകയായിരുന്നു.

എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ അറ്റാക്കിങ് ഷോട്ടുകളുമായി പടിക്കല്‍ മികച്ച രീതിയിലാണ് ബാറ്റിങ് തുടങ്ങിയത്. രണ്ട് ബൗണ്ടറികളുമായി ക്രീസില്‍ നിലയുറപ്പിച്ചതോടെ ആരാധകരിലും പ്രതീക്ഷകളേറെയായി.

എന്നാല്‍ ആ പ്രതീക്ഷകള്‍ അവസാനിപ്പിച്ചുകൊണ്ട് പടിക്കല്‍ മടങ്ങി. രണ്ടക്കം കാണുന്നതിന് മുമ്പ് സാം കറണിന്റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കിയാണ് പടിക്കല്‍ പുറത്തായത്.

ഒരുവശത്ത് ദേവ്ദത്ത് പടിക്കല്‍ മോശം പ്രകടനം തുടരുമ്പോള്‍ മറുവശത്ത് രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗവില്‍ നിന്നും സ്വന്തമാക്കിയ ആവേശ് ഖാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രാജസ്ഥാന്‍ കളിച്ച രണ്ട് മത്സരത്തിലും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ രണ്ടാം മത്സരത്തില്‍ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു പന്തിനും സംഘത്തിനും വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. ട്രെന്റ് ബോള്‍ട്ടിനും നാന്ദ്രേ ബര്‍ഗറിനും യൂസ്വേന്ദ്ര ചഹലിനും ഓവറുകള്‍ ബാക്കിയുണ്ടായിരുന്നിട്ടും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആവേശ് ഖാനെയാണ് പന്തേല്‍പിച്ചത്.

ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസം ആവേശ് പൂര്‍ണമായും കാത്തു. അപകടകാരിയായ ട്രിസ്റ്റണ്‍ സ്റ്റബ്‌സും അക്‌സര്‍ പട്ടേലും ക്രീസില്‍ നില്‍ക്കവെ നാല് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഇതോടെ രാജസ്ഥാന്‍ 12 റണ്‍സിന് വിജയിക്കുകയും ചെയ്തു.

അതേസമയം, പഞ്ചാബിനെതിരായ മത്സരത്തില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 80ന് മൂന്ന് എന്ന നിലയിലാണ് ലഖ്‌നൗ. 26 പന്തില്‍ 35 റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കും ഒരു പന്തില്‍ ഒരു റണ്ണുമായി ക്യാപ്റ്റന്‍ നിക്കോളാസ് പൂരനുമാണ് ക്രീസില്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, കെ.എല്‍. രാഹുല്‍, മാര്‍കസ് സ്റ്റോയ്‌നിസ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ്, എം. സിദ്ധാര്‍ത്ഥ്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്‌റ്റോ, സാം കറന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, രാഹുല്‍ ചഹര്‍, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2024: PBKS vs LSG: Devdutt Padikkal’s poor performance continues in 2nd game too