ഐ.പി.എല്‍ 2024ലെ 11ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന സ്‌പോര്‍ട്‌സ് സിറ്റിയിലാണ് മത്സരം അരങ്ങേറുന്നത്. ടോസ് നേടിയ ലഖ്‌നൗ നായകന്‍ നിക്കോളാസ് പൂരന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
പവര്‍പ്ലേയില്‍ മോശമല്ലാത്ത ബാറ്റിങ് പ്രകടനമാണ് ലഖ്‌നൗ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. 54 റണ്‍സാണ് ആദ്യ ആറ് ഓവറില്‍ നിന്നുമായി സൂപ്പര്‍ ജയന്റ്‌സ് അടിച്ചെടുത്തത്. മോശമല്ലാത്ത ബാറ്റിങ് പ്രകടനം ടീം കാഴ്ചവെച്ചിരുന്നെങ്കിലും രണ്ട് വിക്കറ്റ് ഹോം ടീമിന് നഷ്ടമായിരുന്നു.
ഒമ്പത് പന്തില്‍ 15 റണ്‍സ് നേടിയ കെ.എല്‍. രാഹുലും ആറ് പന്തില്‍ ഒമ്പത് റണ്‍സുമായി ദേവ്ദത്ത് പടിക്കലുമാണ് പുറത്തായത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ദേവ്ദത്ത് പടിക്കല്‍ സ്‌കോര്‍ ബോര്‍ഡിനെ വിഷമിപ്പിക്കാതെ പവലിയനിലേക്ക് തിരിച്ചുനടക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ പൂജ്യത്തിനാണ് പടിക്കല്‍ പുറത്തായത്.
രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സ്വാപ് ഡിലിലൂടെയാണ് പടിക്കല്‍ ലഖ്‌നൗവിലെത്തിയത്. തന്റെ പഴയ സഹതാരത്തിനെ ട്രെന്റ് ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡാക്കി പുറത്താക്കുകയായിരുന്നു.
എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ അറ്റാക്കിങ് ഷോട്ടുകളുമായി പടിക്കല്‍ മികച്ച രീതിയിലാണ് ബാറ്റിങ് തുടങ്ങിയത്. രണ്ട് ബൗണ്ടറികളുമായി ക്രീസില്‍ നിലയുറപ്പിച്ചതോടെ ആരാധകരിലും പ്രതീക്ഷകളേറെയായി.
എന്നാല്‍ ആ പ്രതീക്ഷകള്‍ അവസാനിപ്പിച്ചുകൊണ്ട് പടിക്കല്‍ മടങ്ങി. രണ്ടക്കം കാണുന്നതിന് മുമ്പ് സാം കറണിന്റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കിയാണ് പടിക്കല്‍ പുറത്തായത്.
Arshdeep Singh & Sam Curran with the wickets 🙌
Quinton De Kock ticking along nicely from the other end #LSG end the powerplay at 54/2
ഒരുവശത്ത് ദേവ്ദത്ത് പടിക്കല്‍ മോശം പ്രകടനം തുടരുമ്പോള്‍ മറുവശത്ത് രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗവില്‍ നിന്നും സ്വന്തമാക്കിയ ആവേശ് ഖാന്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രാജസ്ഥാന്‍ കളിച്ച രണ്ട് മത്സരത്തിലും ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കായിരുന്നു താരം വഹിച്ചത്.
ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസം ആവേശ് പൂര്‍ണമായും കാത്തു. അപകടകാരിയായ ട്രിസ്റ്റണ്‍ സ്റ്റബ്‌സും അക്‌സര്‍ പട്ടേലും ക്രീസില്‍ നില്‍ക്കവെ നാല് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. ഇതോടെ രാജസ്ഥാന്‍ 12 റണ്‍സിന് വിജയിക്കുകയും ചെയ്തു.
അതേസമയം, പഞ്ചാബിനെതിരായ മത്സരത്തില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 80ന് മൂന്ന് എന്ന നിലയിലാണ് ലഖ്‌നൗ. 26 പന്തില്‍ 35 റണ്‍സുമായി ക്വിന്റണ്‍ ഡി കോക്കും ഒരു പന്തില്‍ ഒരു റണ്ണുമായി ക്യാപ്റ്റന്‍ നിക്കോളാസ് പൂരനുമാണ് ക്രീസില്‍.