ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യക്ക് പോലും ചെയ്യാന്‍ സാധിക്കാത്തത്; ഡബിള്‍ റെക്കോഡുമായി ഗില്‍
IPL
ക്യാപ്റ്റനായ ഹര്‍ദിക് പാണ്ഡ്യക്ക് പോലും ചെയ്യാന്‍ സാധിക്കാത്തത്; ഡബിള്‍ റെക്കോഡുമായി ഗില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th April 2024, 11:02 pm

ഐ.പി.എല്‍ 2024ലെ 17ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ 200 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ടൈറ്റന്‍സ് 199ലേക്കുയര്‍ന്നത്.

48 പന്തില്‍ പുറത്താകാതെ 89 റണ്‍സാണ് താരം നേടിയത്. ആറ് ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം. 185.42 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

19 പന്തില്‍ 33 റണ്‍സ് നേടിയ സായ് സുദര്‍ശനും 22 പന്തില്‍ 26 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണും തുണയായി.

എട്ട് പന്ത് നേരിട്ട് മൂന്ന് ഫോറും ഒരു സിക്സറും അടക്കം പുറത്താകാതെ 23 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയുടെ കാമിയോയും ടൈറ്റന്‍സിനെ മികച്ച സ്‌കോറിലെത്തിച്ചു.

ഈ ഇന്നിങ്‌സിന് പിന്നാലെ മികച്ച റെക്കോഡുകള്‍ സ്വന്തമാക്കാനും ഗില്ലിന് സാധിച്ചു. ഗുജറാത്ത് ടൈറ്റന്‍സിനായി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ സീസണില്‍ തന്നെയാണ് ഗില്ലിന്റെ ഈ നേട്ടം പിറവിയെടുത്തത്.

ഐ.പി.എല്ലില്‍ ഓരോ ടീമിന്റെയും ക്യാപ്റ്റന്‍മാരുടെ ഉയര്‍ന്ന സ്‌കോര്‍

പഞ്ചാബ് കിങ്‌സ് – കെ.എല്‍ രാഹുല്‍ – 132*

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – ഡേവിഡ് വാര്‍ണര്‍ – 126

ദല്‍ഹി ക്യാപ്പിറ്റല്‍സ് / ദല്‍ഹി ഡെയര്‍ഡെവിള്‍സ് – വിരേന്ദര്‍ സേവാഗ് – 119

രാജസ്ഥാന്‍ റോയല്‍സ് – സഞ്ജു സാംസണ്‍ – 119

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – വിരാട് കോഹ്‌ലി – 113

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – കെ.എല്‍. രാഹുല്‍ – 103*

മുംബൈ ഇന്ത്യന്‍സ് – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 100*

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ദിനേഷ് കാര്‍ത്തിക് – 97*

ഗുജറാത്ത് ടൈറ്റന്‍സ് – ശുഭ്മന്‍ ഗില്‍ – 89*

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 84*

ഇതിന് പുറമെ ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ 80+ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താനും ഗില്ലിനായി.

ഐ.പി.എല്ലിലില്‍ ഏറ്റവുമധികം തവണ 80+ റണ്‍സ് നേടുന്ന താരം

വിരാട് കോഹ്‌ലി – 16 തവണ

ശിഖര്‍ ധവാന്‍ 12 തവണ

കെ.എല്‍. രാഹുല്‍ – 10 തവണ

രോഹിത് ശര്‍മ – 7 തവണ

സുരേഷ് റെയ്‌ന – 7 തവണ

സഞ്ജു സാംസണ്‍ – 7 തവണ

ശുഭ്മന്‍ ഗില്‍ – 7 തവണ

സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും കൈപ്പിടിയിലൊതുക്കിയാണ് ഗില്‍ പഞ്ചാബിനെതിരെ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

 

 

Content Highlight: IPL 2024: PBKS vs GT: Shubhman Gill with several records