കോടികള്‍ മുടക്കിയവരല്ല, ആളുമാറി വിളിച്ചെടുത്തവന്‍ തന്നെ വേണ്ടി വന്നു കളി ജയിപ്പിക്കാന്‍; കരിയര്‍ തിരുത്തിക്കുറിച്ച് ശശാങ്ക്
IPL
കോടികള്‍ മുടക്കിയവരല്ല, ആളുമാറി വിളിച്ചെടുത്തവന്‍ തന്നെ വേണ്ടി വന്നു കളി ജയിപ്പിക്കാന്‍; കരിയര്‍ തിരുത്തിക്കുറിച്ച് ശശാങ്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th April 2024, 11:42 pm

 

 

ഐ.പി.എല്‍ 2024ലെ 17ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 199 റണ്‍സിന്റെ ടോട്ടല്‍ ഒരു പന്ത് മറികടക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.

നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ കരുത്തിലാണ് ടൈറ്റന്‍സ് സ്‌കോര്‍ ഉയര്‍ത്തിയത്. 48 പന്തില്‍ പുറത്താകാതെ 89 റണ്‍സാണ് താരം നേടിയത്. ആറ് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം. 185.42 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

19 പന്തില്‍ 33 റണ്‍സ് നേടിയ സായ് സുദര്‍ശനും 22 പന്തില്‍ 26 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണും തുണയായി.

എട്ട് പന്ത് നേരിട്ട് മൂന്ന് ഫോറും ഒരു സിക്‌സറും അടക്കം പുറത്താകാതെ 23 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയുടെ കാമിയോയും ടൈറ്റന്‍സിനെ മികച്ച സ്‌കോറിലെത്തിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ പിഴച്ചു. ശിഖര്‍ ധവാനെ ഒരു റണ്‍സിന് നഷ്ടപ്പെട്ടാണ് പഞ്ചാബ് ഇന്നിങ്‌സ് ആരംഭിച്ചത്. ജോണി ബെയര്‍സ്‌റ്റോ 13 പന്തില്‍ 22 റണ്‍സും പ്രഭ്‌സിമ്രാന്‍ സിങ് 24 പന്തില്‍ 35 റണ്‍സും നേടി.

സാം കറന്‍ അഞ്ച് റണ്‍സിനും സിക്കന്ദര്‍ റാസ 15 റണ്‍സിനും പുറത്തായപ്പോള്‍ പഞ്ചാബ് അഞ്ച് വിക്കറ്റിന് 111 എന്ന നിലയിലെത്തി.

ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ശശാങ്ക് സിങ്ങും ജിതേഷ് ശര്‍മയും സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആ കൂട്ടുകെട്ടും ടൈറ്റന്‍സ് പൊളിച്ചെഴുതി. എട്ട് പന്തില്‍ 16 റണ്‍സാണ് ജിതേഷ് ശര്‍മ നേടിയത്.

ജിതേഷ് ശര്‍മ പുറത്തായതിന് പിന്നാലെ ഇംപാക്ട് പ്ലെയറായി അശുതോഷ് ശര്‍മയാണ് ക്രീസിലെത്തിയത്. ഇംപാക്ട് പ്ലെയര്‍ ടീമിന് നല്‍കേണ്ട ഇംപാക്ട് നല്‍കിയ അശുതോഷ് പഞ്ചാബിന് പ്രതീക്ഷയും നല്‍കി.

മോഹിത് ശര്‍മയെറിഞ്ഞ 19ാം ഓവറില്‍ രണ്ട് സിക്‌സറടക്കം 18 റണ്‍സാണ് അശുതോഷും ശശാങ്ക് സിങ്ങും ചേര്‍ന്ന് അടിച്ചെടുത്തത്.

അവസാന ഓവറില്‍ വിജയിക്കാന്‍ ഏഴ് റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. ദര്‍ശന്‍ നാല്‍ക്കണ്ഡേയെറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ അശുതോഷ് പുറത്തായി. 17 പന്തില്‍ 31 റണ്‍സാണ് താരം നേടിയത്.

അശുതോഷ് പുറത്തായെങ്കിലും മികച്ച ഫോമിലുണ്ടായിരുന്ന ശശാങ്ക് സിങ് മത്സരം പഞ്ചാബിന് അനുകൂലമാക്കി.

ശശാങ്ക് സിങ്ങിന്റെ പ്രകടനം തന്നെയാണ് മത്സരത്തില്‍ നിര്‍ണായകമായത്. താരലേലത്തില്‍ ആളുമാറി വിളിച്ചെടുത്ത താരം മുന്‍ ചാമ്പ്യന്‍മാരെ തകര്‍ത്ത് പഞ്ചാബിന് വിജയവും നേടിക്കൊടുക്കുകയായിരുന്നു.

29 പന്തില്‍ പുറത്താകാതെ 61 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആറ് ഫോറും നാല് സിക്‌സറും അടക്കം 210.34 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ശശാങ്ക് സ്‌കോര്‍ ചെയ്തത്. മത്സരത്തിലെ താരവും ശശാങ്ക് സിങ് തന്നെ.

ഐ.പി.എല്ലില്‍ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്. ഇതിന് മുമ്പ് 25 റണ്‍സായിരുന്നു താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

നേരത്തെ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ പഞ്ചാബ് അബദ്ധത്തില്‍ സ്വന്തമാക്കിയ താരമാണ് ശശാങ്ക് സിങ്. മറ്റൊരു താരത്തിനായി ശ്രമിച്ച പഞ്ചാബ് ആളുമാറി താരത്തെ സ്വന്തമാക്കുകയായിരുന്നു.

ലേല നടപടികളുടെ ഭാഗമായി ആങ്കര്‍ മല്ലിക സാഗര്‍ ശശാങ്കിന്റെ പേരും അടിസ്ഥാന വിലയും പ്രഖ്യാപിച്ചതോടെ പഞ്ചാബ് രംഗത്തുവരികയായിരുന്നു. 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ മറ്റ് ടീമുകളൊന്നും തന്നെ ശശാങ്കിന് വേണ്ടി ശ്രമിക്കാതിരുന്നതോടെ ലേലം ഉറപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇതിനിടെയാണ് തങ്ങള്‍ക്ക് അബദ്ധം പിണഞ്ഞ കാര്യം ടീം ഉടമകളായ പ്രീതി സിന്റക്കും നെസ് വാഡിയക്കും മനസിലായത്. അവര്‍ ഇക്കാര്യം മല്ലിക സാഗറിനെ അറിയിക്കുകയും ചെയ്തു.

മല്ലിക സാഗര്‍ എന്താണ് പറ്റിയതെന്ന് ചോദിക്കുകയും തങ്ങള്‍ക്ക് ആളുമാറിയ വിവരം പഞ്ചാബ് കിങ്‌സ് അറിയിക്കുകയുമായിരുന്നു. ശശാങ്ക് സിങ്ങിനെയാണോ ഉദ്ദേശിച്ചതെന്ന് ആങ്കര്‍ ചോദിക്കുകയും അതെയെന്ന് പഞ്ചാബ് മറുപടി പറയുകയും ചെയ്തു.

എന്നാല്‍ ലേലം ഉറപ്പിച്ചതിനാല്‍ പഞ്ചാബിന് പിന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് മല്ലിക സാഗര്‍ അറിയിച്ചതോടെ പഞ്ചാബ് സിംഹങ്ങള്‍ ശശാങ്കിനെ വാങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

അതേസമയം, ഇത് ആറാം തവണയാണ് പഞ്ചാബ് സിങ് 200+ ടോട്ടല്‍ ചെയ്‌സ് ചെയ്ത് വിജയിക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ 200+ ചെയ്‌സ് ചെയ്ത് വിജയിച്ച ടീമും പഞ്ചാബ് തന്നെ.

സീസണില്‍ പഞ്ചാബിന്റെ രണ്ടാം വിജയമാണിത്. നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. ഏപ്രില്‍ ഒമ്പതിനാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ഹൈദരാബാദാണ് എതിരാളികള്‍.

 

 

Content highlight: IPL 2024: PBKS vs GT: Shashank Singh’s brilliant innings against Gujarat Titans