| Sunday, 5th May 2024, 4:49 pm

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഓവര്‍ റേറ്റഡായ പ്ലെയര്‍; ലോകകപ്പ് ഹീറോയെ പേര് പറഞ്ഞ് വിമര്‍ശിച്ച് പാര്‍ത്ഥിവ് പട്ടേല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ മികച്ച പ്രകടനം നടത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തകര്‍പ്പന്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് ആര്‍.സി.ബി പുറത്താകലില്‍ നിന്നും രക്ഷപ്പെട്ടുവരുന്നത്.

കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലും വിജയിച്ചാണ് ആര്‍.സി.ബി പ്ലേ ഓഫിനുള്ള നേരിയ സാധ്യതകള്‍ പോലും കെടാതെ കാത്തത്.

ആര്‍.സി.ബി മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ടീമിലെ സൂപ്പര്‍ താരത്തെ പേര് പറഞ്ഞ് വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയാണ് താരം വിമര്‍ശിച്ചിരിക്കുന്നത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഓവര്‍ റേറ്റഡായ താരമെന്നാണ് പാര്‍ത്ഥിവ് പട്ടേല്‍ മാക്‌സ്‌വെല്ലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. എക്‌സിലെഴുതിയ പോസ്റ്റിലായിരുന്നു താരത്തിന്റെ വിമര്‍ശനം.

എന്നാല്‍ പോസ്റ്റിന് പിന്നാലെ പട്ടേലിനെ വിമര്‍ശിച്ചുകൊണ്ട് ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരുടെയും ഐ.പി.എല്‍ സ്റ്റാറ്റുകളും ഗ്ലെന്‍ മാക്‌സ്‌വെല്‍ നേടിയ ഐ.സി.സി ട്രോഫികളുടെ കണക്കും എല്ലാം നിരത്തിയാണ് ആരാധകര്‍ പാര്‍ത്ഥിവ് പട്ടേലിനെ ചോദ്യം ചെയ്യുന്നത്.

അതേസമയം, സീസണില്‍ അത്രകണ്ട് മികച്ച പ്രകടനമല്ല മാക്‌സി പുറത്തെടുക്കുന്നത്. ഏഴ് ഇന്നിങ്‌സില്‍ നിന്നും 5.14 ശരാശരിയിലും 97.29 സ്‌ട്രൈക്ക് റേറ്റിലും 36 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. 28 ആണ് സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

ഐ.പി.എല്‍ കരിയറില്‍ 156 മത്സരം കളിച്ച താരം 21.85 ശരാശരിയിലും 152.86 സ്‌ട്രൈക്ക് റേറ്റിലും 2,863 റണ്‍സാണ് നേടിയത്. 18 അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ ഐ.പി.എല്‍ കരിയറിലുള്ളത് ബൗളിങ്ങില്‍ 33.71 ശരാശരിയിലും 8.36 സ്‌ട്രൈക്ക് റേറ്റിലും 41 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ ഇനി മൂന്ന് മത്സരങ്ങളാണ് റോയല്‍ ചലഞ്ചേഴ്‌സിന് ബാക്കിയുള്ളത്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിക്കുന്നതൊപ്പം മറ്റ് ടീമുകളുടെ മത്സര ഫലം കൂടി കണക്കിലെടുത്താല്‍ റോയല്‍ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് കളിക്കാന്‍ സാധിച്ചേക്കും.

Content highlight: IPL 2024: Parthiv Patel slams Glenn Maxwell

We use cookies to give you the best possible experience. Learn more