| Sunday, 28th April 2024, 10:27 pm

വിരാടിനെക്കാള്‍ മികച്ച താരം, വിരാടിന് സാധിക്കാത്തത് ഇവന് എളുപ്പം; ഇന്ത്യയുടെ ഭാവിയെ വാനോളം പുകഴ്ത്തി സിദ്ധു

സ്പോര്‍ട്സ് ഡെസ്‌ക്

ഗുജറാത്ത് ടൈറ്റന്‍സ് യുവതാരം സായ് സുദര്‍ശനെ വാനോളം പുകഴ്ത്തി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധു. സ്പിന്നര്‍മാരെ നേരിടുന്നതില്‍ തമിഴ്‌നാട് താരം വിരാടിനേക്കാള്‍ മികവ് പുലര്‍ത്തുന്നുണ്ടെന്നും അവര്‍ക്കെതിരെ സ്‌ട്രൈക്ക് റേറ്റ് കുറയാതെ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘സ്പിന്നര്‍മാര്‍ പന്തെറിയാനെത്തുമ്പോള്‍ വിരാട് കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് കുത്തനെ കുറയുന്നു. എന്നാല്‍ അതേസമയം, സ്പിന്നര്‍മാര്‍ക്കെതിരെ തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റാണ് സായ് സുദര്‍ശനുള്ളത്.

സ്പിന്‍ ബൗളര്‍മാര്‍ക്കെതിരെ സായ് ഒരു മികച്ച ബാറ്ററാണ്. അവന്‍ ഒരു ഏരിയ മാത്രം ലക്ഷ്യം വെക്കുന്നില്ല, ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അവന്‍ ഷോട്ടുകളുതിര്‍ക്കുകയാണ്.

അവന്റെ കവര്‍ ഡ്രൈവ് കാണുന്നത് തന്നെ ഒരു രസമാണ്. മിഡ് വിക്കറ്റിലൂടെയുള്ള സ്‌ട്രോക്കുകളാകട്ടെ അമ്പരപ്പിക്കുന്നതും. അവന്‍ ഇന്ത്യയുടെ ഭാവി താരമാണ്. വൈകാതെ എല്ലാ ഫോര്‍മാറ്റിലും അവന്‍ ഇന്ത്യയെ പ്രതിനിധീകരിക്കും,’ സിദ്ധു പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ടോപ് സ്‌കോററും സായ് സദുര്‍ശനായിരുന്നു. അര്‍ധ സെഞ്ച്വെറി നേടിയാണ് താരം ജി.ടി ഇന്നിങ്‌സില്‍ നിര്‍മായ സാന്നിധ്യമായത്.

49 പന്ത് നേരിട്ട് പുറത്താകാതെ 84 റണ്‍സാണ് താരം സ്വന്തമാക്കിയത്. നാല് സിക്‌സറും എട്ട് ബൗണ്ടറിയും അടക്കം 171.43 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

നിലവില്‍ ഐ.പി.എല്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സായ് സുദര്‍ശന്‍ ഇടം പിടിച്ചിരിക്കുന്നത്. പത്ത് മത്സരത്തില്‍ നിന്നും 46.44 ശരാശരിയിലും 135.71 സ്‌ട്രൈക്ക് റേറ്റിലും 418 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. നാല് അര്‍ധ സെഞ്ച്വറികള്‍ സ്വന്തമാക്കിയ സായ് സുദര്‍ശന്റെ ഉര്‍ന്ന സ്‌കോര്‍ ആര്‍.സി.ബിക്കെതിരെ നേടിയ 84* ആണ്.

ഈ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഏഴാം സ്ഥാനത്ത് തുടരുകയാണ് ടൈറ്റന്‍സ്. പത്ത് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ എട്ട് പോയിന്റാണ് ടീമിനുള്ളത്.

മെയ് നാലിനാണ് ടൈറ്റന്‍സിന്റെ അടുത്ത മത്സരം. ചിന്നസ്വാമിയില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ആര്‍.സി.ബിയാണ് എതിരാളികള്‍.

Content Highlight: IPL 2024: Navjot Sing Sidhu praises Sai Sudarshan

We use cookies to give you the best possible experience. Learn more