ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റിഷബ് പന്തിന്റെ ദല്‍ഹി ക്യാപ്പിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരുന്നു. ക്യാപ്പിറ്റല്‍സിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി. ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ അര്‍ധ സെഞ്ച്വറിയോളം പോന്ന തകര്‍പ്പന്‍ ഇന്നിങ്‌സുമാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
27 പന്തില്‍ 84 റണ്‍സാണ് മക്ഗൂര്‍ക് അടിച്ചുകൂട്ടിയത്. 11 ഫോറും ആറ് സിക്‌സറും അടങ്ങുന്നതായിരുന്നു ഓസീസ് സൂപ്പര്‍ താരത്തിന്റെ ഇന്നിങ്‌സ്. 25 പന്തില്‍ പുറത്താകാതെ 48 റണ്‍സാണ് സ്റ്റബസ് നേടിയത്. ഇതിനൊപ്പം 17 പന്തില്‍ 41 റണ്‍സടിച്ച ഷായ് ഹോപ്പും ക്യാപ്പിറ്റല്‍സിനായി തിളങ്ങി.
258 റണ്‍സിന്റെ ലക്ഷ്യവുമായി കളത്തിലിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് നേടാന്‍ സാധിച്ചത്. 32 പന്തില്‍ 63 റണ്‍സ് നേടിയ തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ മുംബൈ പൊരുതിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.
ഐ.പി.എല്ലില്‍ ഇതുവരെ ആറ് തവണയാണ് തിലക് വര്‍മ അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ളത്. ഈ ആറ് മത്സരത്തിലും മുംബൈ ഇന്ത്യന്‍സിന് പരാജയം മാത്രമായിരുന്നു വിധിച്ചത്.
കരിയര്‍ ആരംഭിച്ച 2022ല്‍ രണ്ട് അര്‍ധ സെഞ്ച്വറിയാണ് തിലക് വര്‍മ ഐ.പി.എല്ലില്‍ നേടിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരെയായിരുന്നു കരിയറിലെ ആദ്യ ഐപി.എല്‍ ഫിഫ്റ്റി. 33 പന്തില്‍ 61 റണ്‍സാണ് താരം അടിച്ചെടുത്തത്. എന്നാല്‍ മത്സരത്തില്‍ 23 റണ്‍സിന് മുംബൈ പരാജയപ്പെട്ടു.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയായിരുന്നു തിലക് സീസണിലെ രണ്ടാം അര്‍ധ സെഞ്ച്വറി നേടിയത്. 43 പന്തില്‍ പുറത്താകാതെ 51 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാല്‍ തിലകിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ മുംബൈ പടുത്തുയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ ചെന്നൈ മറികടക്കുകയായിരുന്നു.
അടുത്ത സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. റോയല്‍ ചലഞ്ചേഴ്‌സായിരുന്നു എതിരാളികള്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് റണ്‍സാണ് നേടിയത്. 46 പന്തില്‍ പുറത്താകാതെ 84 റണ്‍സായിരുന്നു അതില്‍ തിലകിന്റെ സമ്പാദ്യം.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു വിരാടിന്റെയും ഫാഫ് ഡു പ്ലെസിയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 22 പന്ത് ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ സീസണിലും അര്‍ധ സെഞ്ച്വറിയുടെ നിര്‍ഭാഗ്യം താരത്തെ വിരാടെ പിടികൂടിയിരിക്കുകയാണ്.
2024ല്‍ മൂന്ന് ടീമുകള്‍ക്കെതിരെയാണ് തിലക് അര്‍ധ സെഞ്ച്വറി നേടിയത്. സണ്‍റൈസേഴ്‌സ് (34 പന്തില്‍ 64), രാജസ്ഥാന്‍ റോയല്‍സ് (45 പന്തില്‍ 65), ദല്‍ഹി ക്യാപ്പിറ്റല്‍സ് (32 പന്തില്‍ 63) എന്നിവര്‍ക്കെതിരെയാണ് തിലകിന്റെ ബാറ്റില്‍ നിന്നും 50+ സ്‌കോര്‍ പിറന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മൂന്ന് മത്സരത്തിലും മുംബൈ പരാജയം രുചിച്ചു.
താരത്തിന്റെ നിര്‍ഭാഗ്യത്തില്‍ ആരാധകരും നിരാശയിലാണ്. എന്നാല്‍ താരത്തിന്റെ ഈ നിര്‍ഭാഗ്യം ഉടനെ ഇല്ലാതാകുമെന്നും തിലകിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ മുംബൈ ഇന്ത്യന്‍സ് മികച്ച വിജയം സ്വന്തമാക്കുമെന്നും ആരാധകര്‍ പ്രത്യാശിക്കുന്നു.
കഴിഞ്ഞ മത്സരത്തിലും പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ. ഒമ്പത് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ 30നാണ് മുംബൈയുടെ അടുത്ത മത്സരം. ഏകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.
Content Highlight: IPL 2024: Mumbai Indians lost all the matches in which Tilak Verma scored half-centuries