| Thursday, 26th October 2023, 10:41 pm

എല്ലാ കണ്ണുകളും ഡിസംബര്‍ 19ന് ദുബായിലേക്ക്; ഐ.പി.എല്‍ ആവേശത്തിലേക്ക് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 16ാം എഡിഷനുള്ള താരലേലം ഡിസംബര്‍ 19ന് നടക്കും. കഴിഞ്ഞ തവണ കൊച്ചിയായിരുന്നു താരലേലത്തിന് വേദിയായതെങ്കില്‍ ഇത്തവണ ദുബായ് ആണ് റോഡ് ടു ഐ.പി.എല്ലിനുള്ള സ്റ്റാര്‍ട്ടിങ് പോയിന്റാകുന്നത്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടക്കുന്ന അതേ ദിവസം തന്നെയാണ് ദുബായില്‍ താരലേലവും നടക്കുക.

നവംബര്‍ 15നകം എല്ലാ ടീമുകളും റിലീസ് ചെയ്യുന്ന താരങ്ങളുടെയും നിലനിര്‍ത്തുന്ന താരങ്ങളുടെയും പട്ടിക സമര്‍പ്പിക്കണം. ഡിസംബര്‍ ആദ്യ വാരത്തില്‍ ഓക്ഷന്‍ പൂള്‍ നിര്‍ണയിക്കും.

ഈ ലേലത്തില്‍ ഓരോ ടീമിന്റെയും ഓക്ഷന്‍ പേഴ്‌സില്‍ അഞ്ച് കോടി രൂപ വര്‍ധിപ്പിക്കാനു തീരുമാനമായിട്ടുണ്ട്. 100 കോടിയാകും ഓരോ ടീമിന്റെയും ഓക്ഷന്‍ പേഴ്‌സ്.

ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക് ഈ ലേത്തില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട എട്ട് വര്‍ഷത്തെ  ഇടവേളയ്ക്ക് ശേഷമാണ് ഇടങ്കയ്യന്‍ പേസര്‍ ഐ.പി.എല്ലില്‍ തിരിച്ചെത്തുന്നത്. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെയും ഇത്തവണ ഐ.പി.എല്‍ ടീമുകള്‍ക്ക് സ്വന്തമാക്കാന്‍ അവസരമൊരുങ്ങും.

നിലനിര്‍ത്തിയ താരങ്ങളുടെയും റിലീസ് ചെയ്ത താരങ്ങളുടെയും പട്ടിക സമര്‍പ്പിക്കാന്‍ ഒരു മാസത്തില്‍ താഴെ മാത്രം ശേഷിക്കെ, 12.20 കോടി രൂപ കയ്യിലുള്ള പഞ്ചാബ് കിങ്സാണ് ഓക്ഷന്‍ പേഴ്‌സില്‍ മുന്നിട്ടുനില്‍ക്കുന്നത്. 6.55 കോടി രൂപ കയ്യിലുള്ള സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് ഇക്കൂട്ടത്തിലെ രണ്ടാമന്‍.

0.05 കോടി രൂപ മാത്രം കയ്യിലുള്ള മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ പക്കലാണ് നിലവില്‍ ഏറ്റവും കുറവ് തുകയുള്ളത്.

ഗുജറാത്ത് ടൈറ്റന്‍സിനും ദല്‍ഹി ക്യാപിറ്റല്‍സിനും 4.45 കോടി രൂപയാണ് കയ്യിലുള്ളത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് 3.55 കോടിയും രാജസ്ഥാന്‍ റോയല്‍സിന് 3.35 കോടിയും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 1.75 കോടിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 1.65 കോടിയും ചെന്നൈ സൂപ്പര്‍ കിങ്സിന് 1.5 കോടി രൂപയുമാണ് കയ്യിലുള്ളത്.

മുമ്പുള്ള ലേലങ്ങളുടെ പല റെക്കോഡുകളും ഐ.പി.എല്‍ 16ാം എഡിഷന്റെ മിനി താരലേലം തകര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലിന്റെ 16ാം എഡിഷനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Content highlight:  IPL 2024 mini-auction to take place in Dubai

We use cookies to give you the best possible experience. Learn more