ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും കളിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. അഭിഷേക് ശര്‍മയുടെ കളിരീതി യുവരാജ് സിങ്ങിനെയും ബ്രയാന്‍ ലാറയെയും ഓര്‍മിപ്പിക്കുന്നതാണെന്നും വോണ്‍ പറഞ്ഞു.
ക്രിക്ബസ്സില്‍ നടന്ന ചര്‍ച്ചയിലായിരുന്നു വോണ്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.
‘ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ യശസ്വി ജെയ്‌സ്വാളിന് ഇന്ത്യയെ എല്ലാ ഫോര്‍മാറ്റിലും പ്രതിനിധീകരിക്കാനുള്ള അവസരമുണ്ടായി. ടെസ്റ്റില്‍ വളരെ മികച്ച പ്രകടനമാണ് അവന്‍ പുറത്തെടുത്തത്. അഭിഷേക് ശര്‍മക്കും അതിന് സാധിക്കും.
മികച്ച ടെക്‌നിക് ഉള്ളതിനാല്‍ അവന് ഇന്ത്യക്കായി എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ സാധിക്കും. അവന്റെ ബാറ്റിങ് ശൈലി ബ്രയാന്‍ ലാറയെയും യുവരാജ് സിങ്ങിനെയും ഓര്‍മിപ്പിക്കുന്നതാണ്.
യശസ്വി ജെയ്‌സ്വാളിന്റെ കരിയര്‍ ഒരു മുത്തശ്ശിക്കഥ പോലെ അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കാലെടുത്ത് വെച്ചത് മുതല്‍ അവന്‍ അതില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. 15 വര്‍ഷമായി അദ്ദേഹം ക്രിക്കറ്റ് കളിക്കുകയാണെന്ന് തോന്നുന്നു. എന്നാല്‍ അഭിഷേക് അങ്ങനെയല്ല.
ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് ശേഷമാണ് യശസ്വി ജയ്സ്വാളിന് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. അഭിഷേകിനും അത് ചെയ്യാന്‍ കഴിയും,’ വോണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യ ക്വാളിഫയറിലേക്ക് കുതിച്ചപ്പോള്‍ അതിന്റെ അമരത്തിരുന്നത് അഭിഷേകാണ്. 28 പന്തില്‍ നിന്നും ആറ് സിക്‌സറും അഞ്ച് ഫോറും അടക്കം 66 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഇതോടെ രണ്ട് റെക്കോഡുകളും അഭിഷേക് ശര്‍മ സ്വന്തമാക്കി. ഒരു ഐ.പി.എല്‍ സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അഭിഷേക് തകര്‍ത്തത്. 2016ല്‍ 38 സിക്‌സറിന്റെ അകമ്പടിയോടെ വിരാട് കുറിച്ച റെക്കോഡാണ് ഇപ്പോള്‍ അഭിഷേക് മറികടന്നത്. നിലവില്‍ 41 സിക്‌സറാണ് താരം അടിച്ചുകൂട്ടിയത്.
ഇതിന് പുറമെ ഏതെങ്കിലുമൊരു ടി-20 ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും അഭിഷേക് ശര്‍മ സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിന്റെ അസം താരം റിയാന്‍ പരാഗിന്റെ റെക്കോഡാണ് താരം തകര്‍ത്തെറിഞ്ഞത്.
ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവിന്റെ അസം റൈനോ അടിച്ചുകൂട്ടിയ 40 സിക്സറിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഒരു ടി-20 ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങള്‍
(താരം – സിക്സര്‍ – ടൂര്‍ണമെന്റ് എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – 41* – ഐ.പി.എല്‍ 2024
റിയാന്‍ പരാഗ് – 40 – SMAT 2024
അഭിഷേക് ശര്‍മ – 39 – SMAT 2024
വിരാട് കോഹ്ലി – 38 – ഐ.പി.എല്‍ 2016
പ്ലേ ഓഫിലേക്ക് പ്രവേശിച്ച സണ്‍റൈസേഴ്‌സ് പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതും അഭിഷേകിന്റെ ഫോമില്‍ തന്നെയാണ്. മെയ് 21നാണ് ആദ്യ ക്വാളിഫയര്‍ മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
Content Highlight: IPL 2024: Michael Vaughn praises Abhishek Sharma