| Tuesday, 7th May 2024, 7:07 pm

ടീം ആകെ എടുത്ത റണ്‍സില്‍ 68 ശതമാനവും ഇവനൊറ്റയ്ക്ക്; ഇവന്റേത് മാജിക് ബാറ്റ് തന്നെ!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെടേണ്ടി വന്നിരുന്നു. മുംബൈയുടെ സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഹോം ടീം വിജയിച്ചുകയറിയത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്.

ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും ചെറുത്തുനില്‍പാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഹെഡ് 30 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ 17 പന്തില്‍ പുറത്താകാതെ 35 റണ്‍സാണ് കമ്മിന്‍സ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലേ പിഴച്ചിരുന്നു. ഇഷാന്‍ കിഷന്‍ ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് നേടി പുറത്തായപ്പോള്‍ അഞ്ച് പന്തില്‍ നാല് റണ്‍സ് നേടിയാണ് രോഹിത് ശര്‍മ പവലിയനിലേക്ക് തിരിച്ചുനടന്നത്. വണ്‍ ഡൗണായെത്തിയ നമന്‍ ധിര്‍ ഒമ്പത് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെ പുറത്തായി.

എന്നാല്‍ നാലാം നമ്പറില്‍ ഇറങ്ങിയ സൂര്യകുമാര്‍ തോറ്റുകൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. യുവതാരം തിലക് വര്‍മയെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചു.

ടി-20 ഫോര്‍മാറ്റിലെ ആറാം സെഞ്ച്വറിയും ഐ.പി.എല്ലിലെ രണ്ടാം സെഞ്ച്വറിയും നേടിയാണ് സ്‌കൈ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലേക്ക് നയിച്ചത്. 51 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് താരം സ്വന്തമാക്കിയത്. 12 ഫോറും ആറ് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

32 പന്ത് നേരിട്ട് ആറ് ബൗണ്ടറിയുടെ അകമ്പടിയോടെ പുറത്താകാതെ 37 റണ്‍സാണ് തിലക് വര്‍മ നേടിയത്.

ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ ഒരു റെക്കോഡും സൂര്യകുമാറിനെ തേടിയെത്തിയിരുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ ടീം ടോട്ടലിലേക്ക് ഏറ്റവുമധികം റണ്‍സ് സംഭാവന ചെയ്ത മുംബൈ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് താരം റെക്കോഡിട്ടത്.

മുംബൈ ഇന്ത്യന്‍സിനായി ടീം ടോട്ടലിലേക്ക് ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍ (ശതമാന കണക്കില്‍)

(താരം – എതിരാളികള്‍ – ടീം ടോട്ടലില്‍ നേടിയ റണ്‍സിന്റെ ശതമാനം – വര്‍ഷം എന്നീ ക്രമത്തില്‍)

സനത് ജയസൂര്യ – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 80.28% 2008

ലെന്‍ഡില്‍ സിമ്മണ്‍സ് – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 67.11% 2014

സൂര്യകുമാര്‍ യാദവ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 67.10% – 2024*

ഇഷാന്‍ കിഷന്‍ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 65.45% 2020

രോഹിത് ശര്‍മ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 61.58% 2012

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – കൊച്ചി ടസ്‌കേഴ്‌സ് കേരള – 60.61% 2011

ഡ്വെയ്ന്‍ ബ്രാവോ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – 60.34% 2009

ഡ്വെയ്ന്‍ സ്മിത് – രാജസ്ഥാന്‍ റോയല്‍സ് – 60.00% 2012

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്താന്‍ മുംബൈക്കായി. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ.

മെയ് 11നാണ് മുംബൈയുടെ അടുത്ത മത്സരം. കാല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

Content highlight: IPL 2024: MI vs SRH: Suryakumar Yadav creates yet another record

We use cookies to give you the best possible experience. Learn more