ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
തകര്‍പ്പന്‍ തുടക്കമാണ് സണ്‍റൈസേഴ്‌സിന് ലഭിച്ചത്. ഓറഞ്ച് ആര്‍മിക്കായി അരങ്ങേറ്റം കുറിച്ച ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശര്‍മയുടെയും കരുത്തിലാണ് സണ്‍റൈസേഴ്‌സ് സ്‌കോര്‍ ഉയര്‍ത്തിയത്. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകള്‍ പറന്നപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചത്.
ഇതിനൊപ്പം ഒരു തകര്‍പ്പന്‍ റെക്കോഡാണ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ പിറന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോര്‍ എന്ന നേട്ടമാണ് ഹോം ടീം സ്വന്തമാക്കിയത്. ആറ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടിയത്.
പവര്‍പ്ലേയില്‍ ബുംറ ഒഴികെ പന്തെറിഞ്ഞ എല്ലാ ബൗളര്‍മാരും ചന്നം പിന്നം അടിവാങ്ങിക്കൂട്ടുകയായിരുന്നു. പവര്‍പ്ലേയില്‍ ഒരു ഓവര്‍ മാത്രമെറിഞ്ഞ ബുംറ അഞ്ച് റണ്‍സ് മാത്രമാണ് വഴങ്ങിയത്.
ക്വേന മഫാക്ക രണ്ട് ഓവറില്‍ 28 റണ്‍സ് വഴങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ രണ്ട് ഓവറില്‍ 24 റണ്‍സും വഴങ്ങി. ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറും ഫോറും പറന്നപ്പോള്‍ ഒരു ഓവറില്‍ 23 റണ്‍സാണ് ജെറാള്‍ഡ് കോട്‌സി വിട്ടുകൊടുത്തത്.
അതേസമയം, 11 ഓവര്‍ പിന്നിടുമ്പോള്‍ 163 റണ്‍സിന് മൂന്ന് എന്ന നിലയിലാണ് ഹൈദരാബാദ്. ട്രാവിസ് ഹെഡിന്റെയും അഭിഷേക് ശര്‍മയുടെയും അര്‍ധ സെഞ്ച്വറികുളുടെ കരുത്തിലാണ് ഹൈദരാബാദ് സ്‌കോര്‍ ഉയര്‍ത്തിയത്.