ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മുംബൈ ഇന്ത്യന്‍സിനെതിരെ സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ 277 റണ്‍സാണ് ഓറഞ്ച് ആര്‍മി അടിച്ചുകൂട്ടിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ അടി തുടങ്ങി. ഓപ്പണറുടെ റോളിലെത്തിയ ട്രാവിസ് ഹെഡാണ് വെടിക്കെട്ടിന് തുടക്കമിട്ടത്.
മായങ്ക് അഗര്‍വാള്‍ പുറത്തായതിന് പിന്നാലെ വണ്‍ ഡൗണായെത്തിയ അഭിഷേക് ശര്‍മ ഹെഡിനൊപ്പം കൈകോര്‍ത്തതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ആദ്യ ആറ് ഓവറില്‍ 81 റണ്‍സാണ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയത്.
18ാം പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഹെഡും 16ാം പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ അഭിഷേക് ശര്‍മയും രാജീവ് ഗാന്ധി സ്റ്റേഡിയത്തിലിട്ട് മുംബൈ ബൗളര്‍മാരെ അടിച്ചൊതുക്കി.
ഇരുവരും പുറത്തായെങ്കിലും സണ്‍റൈസേഴ്‌സിന്റെ വെടിക്കെട്ടിന് ഒരു കുറവും വന്നില്ല. 28 പന്തില്‍ പുറത്താകാതെ 42 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും 34 പന്തില്‍ പുറത്താകാതെ 80 റണ്‍സുമായി ക്ലാസനും റാംപെയ്ജ് തുടര്‍ന്നു. ഈ സൗത്ത് ആഫ്രിക്കന്‍ കൂട്ടുകെട്ടില്‍ സണ്‍റൈസേഴ്‌സ് 277ലെത്തി.
മുംബൈ നിരയില്‍ പന്തെറിഞ്ഞ എല്ലാവരും റണ്‍സ് വഴങ്ങാന്‍ മത്സരിച്ചു. അരങ്ങേറ്റക്കാരന്‍ ക്വേന മഫാക്ക നാല് ഓവറില്‍ 66 റണ്‍സും ജെറാള്‍ഡ് കോട്‌സി 57 റണ്‍സും വഴങ്ങി.
ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 46, പരിചയ സമ്പന്നനായ പീയൂഷ് ചൗള രണ്ട് ഓവറില്‍ 34, ഷാംസ് മുലാനി രണ്ട് ഓവറില്‍ 33 എന്നിങ്ങനെയും റണ്‍സ് വഴങ്ങി. 36 റണ്‍സാണ് ബുംറ വിട്ടുകൊടുത്തത്.