| Wednesday, 27th March 2024, 7:17 pm

ഈ മത്സരം ഏറെ സ്‌പെഷ്യല്‍, സച്ചിനേക്കാള്‍ മികച്ചവന്‍; മുംബൈ ഇന്ത്യന്‍സിന് ഒരു ഗോട്ടേയുള്ളൂ, അത് ഹിറ്റ്മാനാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട മുംബൈ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്.

രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍. സണ്‍റൈസേഴ്‌സിന്റെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. മുംബൈ ഇന്ത്യന്‍സിനെ പോലെ സീസണിലെ ആദ്യ ജയമാണ് ഹൈദരാബാദും ലക്ഷ്യമിടുന്നത്.

ഈ മത്സരം മുന്‍ നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്. താന്‍ അഞ്ച് കിരീടമണിയിച്ച മുംബൈ ഇന്ത്യന്‍സിനായുള്ള 200ാം മത്സരമാണ് രോഹിത് കളിക്കുന്നത്. മുംബൈക്കായി 200 മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ താരമാണ് രോഹിത്.

2011ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിലെത്തുന്നത്. ഐ.പി.എല്‍ കണ്ട എക്കാലത്തെയും മികച്ച താരത്തെയും കാപ്റ്റനെയുമാണ് മുംബൈ വാംഖഡെയിലെത്തിക്കുന്നതെന്ന് അന്ന് ആധികമാരും ചിന്തിച്ചുകാണില്ല.

രണ്ട് സീസണുകള്‍ ടീമിനൊപ്പം പ്രധാന താരമായി തുടര്‍ന്ന രോഹിത് 2013ല്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തു. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ രോഹിത് മാജിക് ആരാധകര്‍ കണ്ടു. മുംബൈ ഇന്ത്യന്‍സിന്റെ ആദ്യം കിരീടം.

ശേഷം അഞ്ച് തവണ കൂടി രോഹിത് മുംബൈ ഇന്ത്യന്‍സിനെ ഐ.പി.എല്ലിന്റെ കലാശപ്പോരാട്ടത്തിന്റെ വേദിയിലെത്തിച്ചു. ഇതില്‍ നാല് തവണ ടീം കിരീടണിയുകയും ചെയ്തു.

ഐ.പി.എല്ലില്‍ തന്റെ 245ാം മത്സരത്തിനാണ് രോഹിത് ഇറങ്ങുന്നത്. ഐ.പി.എല്ലില്‍ താന്‍ ആദ്യ കിരീടം നേടിയ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമാണ് രോഹിത് മറ്റ് മത്സരങ്ങള്‍ കളിച്ചത്.

അതേസമയം, സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍ ബൗളിങ് തെരഞ്ഞെടുത്തു.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍:

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നമന്‍ ധിര്‍, ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുംറ, ഷാംസ് മുലാനി, ക്വേന മഫാക്ക.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ജയ്‌ദേവ് ഉനദ്കട്.

Content highlight: IPL 2024: MI vs SRH: Rohit Sharma to play 200th IPL match for Mumbai Indians

Latest Stories

We use cookies to give you the best possible experience. Learn more