ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ട മുംബൈ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്.
രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍. സണ്‍റൈസേഴ്‌സിന്റെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. മുംബൈ ഇന്ത്യന്‍സിനെ പോലെ സീസണിലെ ആദ്യ ജയമാണ് ഹൈദരാബാദും ലക്ഷ്യമിടുന്നത്.
ഈ മത്സരം മുന്‍ നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്. താന്‍ അഞ്ച് കിരീടമണിയിച്ച മുംബൈ ഇന്ത്യന്‍സിനായുള്ള 200ാം മത്സരമാണ് രോഹിത് കളിക്കുന്നത്. മുംബൈക്കായി 200 മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ താരമാണ് രോഹിത്.
2011ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിലെത്തുന്നത്. ഐ.പി.എല്‍ കണ്ട എക്കാലത്തെയും മികച്ച താരത്തെയും കാപ്റ്റനെയുമാണ് മുംബൈ വാംഖഡെയിലെത്തിക്കുന്നതെന്ന് അന്ന് ആധികമാരും ചിന്തിച്ചുകാണില്ല.
രണ്ട് സീസണുകള്‍ ടീമിനൊപ്പം പ്രധാന താരമായി തുടര്‍ന്ന രോഹിത് 2013ല്‍ ടീമിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തു. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ രോഹിത് മാജിക് ആരാധകര്‍ കണ്ടു. മുംബൈ ഇന്ത്യന്‍സിന്റെ ആദ്യം കിരീടം.
ശേഷം അഞ്ച് തവണ കൂടി രോഹിത് മുംബൈ ഇന്ത്യന്‍സിനെ ഐ.പി.എല്ലിന്റെ കലാശപ്പോരാട്ടത്തിന്റെ വേദിയിലെത്തിച്ചു. ഇതില്‍ നാല് തവണ ടീം കിരീടണിയുകയും ചെയ്തു.
ഐ.പി.എല്ലില്‍ തന്റെ 245ാം മത്സരത്തിനാണ് രോഹിത് ഇറങ്ങുന്നത്. ഐ.പി.എല്ലില്‍ താന്‍ ആദ്യ കിരീടം നേടിയ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമാണ് രോഹിത് മറ്റ് മത്സരങ്ങള്‍ കളിച്ചത്.