കളി കഴിഞ്ഞിട്ടില്ല, അതിന് മുമ്പേ റെക്കോഡ്; രാജസ്ഥാന്‍ ഇതിഹാസത്തെ പടിയിറക്കി രോഹിത് ഗുരുനാഥ് ശര്‍മ
IPL
കളി കഴിഞ്ഞിട്ടില്ല, അതിന് മുമ്പേ റെക്കോഡ്; രാജസ്ഥാന്‍ ഇതിഹാസത്തെ പടിയിറക്കി രോഹിത് ഗുരുനാഥ് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 27th March 2024, 10:48 pm

 

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ മറികടക്കാനുള്ള ശ്രമത്തിലാണ് മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ 278 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിന് വിജയിക്കാന്‍ ആവശ്യമുള്ളത്.

ബൗളര്‍മാരുടെ ശവപ്പറമ്പായ പിച്ചില്‍ മുംബൈ ഇന്ത്യന്‍സും അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുകയാണ്. ആദ്യ ഓവര്‍ മുതല്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് സ്‌കോറിങ്ങിന് അടിത്തറയിട്ടു.

13 പന്തില്‍ 34 റണ്‍സുമായി ഇഷാന്‍ കിഷനും 12 പന്തില്‍ 26 റണ്‍സുമായി രോഹിത് ശര്‍മയും മികച്ച തുടക്കം നല്‍കി മടങ്ങി.

മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയുമാണ് രോഹിത് ശര്‍മയുടെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് രോഹിത് ശര്‍മയെ തേടിയെത്തിയിരിക്കുന്നത്. റണ്‍ ചെയ്‌സിനിടെ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് രോഹിത് ശര്‍മ റെക്കോഡിട്ടിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ഇതിഹാസ താരം ഷെയ്ന്‍ വാട്‌സണെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രോഹിത് റെക്കോഡ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

ഐ.പി.എല്ലില്‍ ചെയ്‌സിങ്ങിനിടെ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

ക്രിസ് ഗെയ്ല്‍ – 156

രോഹിത് ശര്‍മ – 112*

ഷെയ്ന്‍ വാട്‌സണ്‍ 110

ഡേവിഡ് വാര്‍ണര്‍ – 109

യൂസഫ് പത്താന്‍ – 108

വിരാട് കോഹ്‌ലി – 107

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 104

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് വിജയപ്രതീക്ഷ കൈവിടാതെ കാക്കുകയാണ്. ഒന്നും അവസാനിച്ചിട്ടില്ല എന്ന് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടാണ് മുംബൈ ബാറ്റിങ് തുടരുന്നത്.

നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ 163ന് മൂന്ന് എന്ന നിലയിലാണ് മുംബൈ. ആറ് പന്തില്‍ 13 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും 28 പന്തില്‍ 53 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നമന്‍ ധിര്‍, ജെറാള്‍ഡ് കോട്സി, ജസ്പ്രീത് ബുംറ, ഷാംസ് മുലാനി, ക്വേന മഫാക്ക.

സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ജയ്ദേവ് ഉനദ്കട്.

 

Content highlight: IPL 2024: MI vs SRH: Rohit Sharma has become second in the list of players who have hit the most number of sixes during the chase