| Monday, 6th May 2024, 10:56 pm

120 പന്തില്‍ 174 ചെയ്‌സ് ചെയ്യുമ്പോള്‍ ഒമ്പത് പന്തില്‍ പൂജ്യം; നാണക്കേടില്‍ നീറി മുംബൈ കണ്ടെത്തിയ യുവതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 55ാം മത്സരം വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് മത്സരത്തില്‍ ഹോം ടീമായ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നടി. ട്രാവിസ് ഹെഡിന്റെയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെയും ഇന്നിങ്‌സുകളുടെ കരുത്തിലാണ് സണ്‍റൈസേഴ്‌സ് പൊരുതാവുന്ന സ്‌കോറിലെത്തയത്.

ഹെഡ് 30 പന്തില്‍ 48 റണ്‍സടിച്ചപ്പോള്‍ 17 പന്തില്‍ പുറത്താകാതെ 35 റണ്‍സാണ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് നേടിയത്. 15 പന്തില്‍ 20 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയും ടോട്ടലില്‍ നിര്‍ണായകമായി.

മുംബൈക്കായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും പിയൂഷ് ചൗളയും മൂന്ന് വിക്കറ്റ് വീതം നേടി. ജസ്പ്രീത് ബുംറയും അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലേ പിഴച്ചിരുന്നു. ഇഷാന്‍ കിഷന്‍ ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് നേടി പുറത്തായപ്പോള്‍ നാല് പന്തില്‍ നാല് റണ്‍സുമായാണ് രോഹിത് ശര്‍മ പുറത്തായത്.

വണ്‍ ഡൗണായിറങ്ങിയ യുവതാരം നമന്‍ ധിറാണ് നിരാശപ്പെടുത്തിയവരില്‍ പ്രധാനി. ഒമ്പത് പന്ത് ക്രീസില്‍ നിന്ന് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് താരം പുറത്തായത്. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ മാര്‍കോ യാന്‍സെന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഇതോടെ ഒരു മോശം റെക്കോഡും താരത്തെ തേടിയെത്തി. ഏറ്റവുമധികം പന്തുകള്‍ നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെ പുറത്താകുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാമതെത്തിയാണ് ധിര്‍ തലകുനിച്ചുനില്‍ക്കുന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്താകുന്ന താരങ്ങള്‍

(താരം – പന്ത് എന്നീ ക്രമത്തില്‍)

നയന്‍ ദോഷി – 13

എസ്. ബദ്രിനാഥ് – 10

ഡേവി ജേകബ്‌സ് – 10

ഷെയ്ന്‍ വാട്‌സണ്‍ – 10

നമന്‍ ധിര്‍ – 9*

ഷെയ്ന്‍ വാട്‌സണ്‍ – 9

നിക്കോളാസ് പൂരന്‍ – 9

അതേസമയം, നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 105 റണ്‍സ് എന്ന നിലയിലാണ് മുംബൈ ഇന്ത്യന്‍സ്. 29 പന്തില്‍ 48 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 22 പന്തില്‍ 25 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.

Content Highlight: IPL 2024: MI vs SRH: Naman Dhir’s poor innings against Sunrisers Hyderabad

We use cookies to give you the best possible experience. Learn more