| Wednesday, 27th March 2024, 7:47 pm

സണ്‍റൈസേഴ്‌സിന് നേരാടാനുള്ളത് രണ്ട് ബുംറയെ; ബുംറയും 'ബുംറയേക്കാള്‍ മികച്ചവനും' ടീമില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ എട്ടാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയമാണ് വേദി. എസ്.ആര്‍.എച്ചിന്റെ ആദ്യം ഹോം മത്സരമാണിത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു.

മുംബൈ ജേഴ്‌സിയില്‍ രോഹിത് ശര്‍മയുടെ 200ാം മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ യുവതാരം ക്വേന മഫാക്കക്ക് മുംബൈ ഇന്ത്യന്‍സ് അരങ്ങേറ്റമൊരുക്കുകയാണ്. പരിക്കേറ്റ ശ്രീലങ്കന്‍ സ്റ്റാര്‍ പേസര്‍ ദില്‍ഷന്‍ മധുശങ്കക്ക് പകരക്കാരനായാണ് മഫാക്ക മുംബൈ സ്‌ക്വാഡിന്റെ ഭാഗമായത്.

ലൂക് വുഡിന് പരിക്കേറ്റതോടെയാണ് മഫാക്കക്ക് മുംബൈ ജേഴ്‌സിയില്‍ അരങ്ങേറ്റത്തിനുള്ള വഴിയൊരുങ്ങിയത്.

അണ്ടര്‍ 19 ലോകകപ്പില്‍ ടൂര്‍ണമെന്റിന്റെ താരമായാണ് കേന്വ മഫാക്ക എന്ന 17കാരന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായത്.

ഇന്ത്യയുടെ സൗമി പാണ്ഡേ, മുഷീര്‍ ഖാന്‍, നായകന്‍ ഉദയ് സഹരണ്‍, ഓസ്ട്രേലിയന്‍ നായകന്‍ ഹ്യൂഗ് വെയ്ബ്ജന്‍, തന്റെ സഹതാരമായ സ്റ്റീവ് സ്റ്റോക് എന്നിവരെയെല്ലാം മറികടന്നാണ് മഫാക്ക ടൂര്‍ണമെന്റിന്റെ താരമായി മാറിയത്.

ലോകകപ്പില്‍ 21 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ലോകകപ്പ് റെക്കോഡിനേക്കാള്‍ ഒരു വിക്കറ്റ് മാത്രം കുറവാണിത്. 2014ല്‍ ബംഗ്ലാദേശ് സൂപ്പര്‍ താരം അനാമുല്‍ ഹഖാണ് അണ്ടര്‍ 19 ലോകകപ്പിന്റെ ഒരു എഡിഷനില്‍ ഏറ്റവുമധികം വിക്കറ്റ് നേടി റെക്കോഡിട്ടത്. 22 വിക്കറ്റാണ് ബംഗ്ലാ താരം സ്വന്തമാക്കിയത്.

പല റെക്കോഡുകളും സ്വന്തമാക്കിയാണ് മഫാക്ക ടൂര്‍ണമെന്റിന്റെ താരമായി മാറിയത്. ഇതില്‍ പ്രധാനം ഒരു ലോകകപ്പില്‍ മൂന്ന് ഫൈഫറുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ്. ശ്രീലങ്ക (6/21), സിംബാബ്‌വേ (5/34), വെസ്റ്റ് ഇന്‍ഡീസ് (5/38) എന്നിവര്‍ക്കെതിരെയാണ് മഫാക്ക ഫൈഫര്‍ നേടിയത്.

ലോകകപ്പിനിടെ താന്‍ ജസ്പ്രീത് ബുംറയേക്കാള്‍ മികച്ചവനാണെന്ന പരാമര്‍ശവും താരം നടത്തിയിരുന്നു. ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടേതിന് സമാനമായ വിക്കറ്റ് സെലിബ്രേഷനായിരുന്നു താരത്തിന്റേത്. ഇതിനെ കുറിച്ചുള്ള പ്രതികരണത്തിനിടെയാണ് മഫാക്ക് താന്‍ ബുംറയേക്കാള്‍ മികച്ചവനാണെന്ന് പറഞ്ഞത്.

‘ലോകകപ്പില്‍ വിക്കറ്റുകള്‍ നേടുമ്പോള്‍ പുതിയ സെലിബ്രേഷനുകള്‍ വരണം. പുതിയ ശൈലികള്‍ കൊണ്ടുവരാന്‍ എന്റെ സഹോദരനാണെന്നെ പ്രേരിപ്പിച്ചത്. ജസ്പ്രീത് ബുംറ മികച്ച ഒരു ബൗളറാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തെക്കാള്‍ മികച്ച താരമാണ്,’ മഫാക്ക പറഞ്ഞു.

ലോകകപ്പില്‍ പുറത്തെടുത്ത മികച്ച പ്രകടനം ഐ.പി.എല്ലിലും ആവര്‍ത്തിക്കാനാണ് മഫാക്കയൊരുങ്ങുന്നത്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായി ആദ്യ ഓവര്‍ പന്തെറിയാന്‍ ഹര്‍ദിക് നിയോഗിച്ചതും മഫാക്കയെയായിരുന്നു. ആദ്യഓവറില്‍ ഏഴ് റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍:

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നമന്‍ ധിര്‍, ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുംറ, ഷാംസ് മുലാനി, ക്വേന മഫാക്ക.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ജയ്‌ദേവ് ഉനദ്കട്.

Content Highlight: IPL 2024: MI vs SRH: Kwena Mafaka has been named in the first XI of Mumbai Indians

We use cookies to give you the best possible experience. Learn more