ഐ.പി.എല്‍ 2024ല്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് മേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
മത്സരത്തില്‍ ഹൈദരാബാദ് താരങ്ങള്‍ ബാറ്റിങ്ങിനിറങ്ങിയപ്പോഴടക്കം ആരാധകര്‍ രോഹിത് ശര്‍മക്കായാണ് ആര്‍പ്പുവിളിച്ചിരുന്നത്. രോഹിത്, രോഹിത് എന്ന് ഉറക്കെ ചാന്റ് ചെയ്താണ് ഹൈദരാബാദ് സ്‌റ്റേഡിയം മുന്‍ മുംബൈ നായകനെ വരവേറ്റത്.
മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ ആരാധകര്‍ കൂവി വിളിക്കുന്നതിനിടെയിലാണ് രോഹിത്തിനായി ആര്‍പ്പുവിളിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
രോഹിത് ശര്‍മയെ സംബന്ധിച്ച് ഹൈദരാബാദ് താരത്തിന്റെ രണ്ടാം ഹോം ഗ്രൗണ്ട് പോലെയാണ്. ഐ.പി.എല്ലില്‍ രോഹിത് ആദ്യം കിരീടം നേടിയത് ഹൈദരാബാദ് ഫ്രാഞ്ചൈസിക്ക് വേണ്ടിയാണെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് കിരീടം നേടിയപ്പോള്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത രോഹിത് വിജയശില്‍പികളിലൊരാളായിരുന്നു.
ഹൈദരാബാദ് സ്റ്റേഡിയം ഒന്നാകെ രോഹിത് ശര്‍മക്കായി ആര്‍പ്പുവിളിക്കുമ്പോള്‍ ‘ഇവരില്‍ പലര്‍ക്കും രോഹിത് ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം കളിച്ച ഓര്‍മകളുണ്ടായിരിക്കും,’ എന്നാണ് കമന്റേറ്റര്‍മാരില്‍ ഒരാള്‍ പറഞ്ഞത്.
രോഹിത് ശര്‍മയെ സംബന്ധിച്ചും ഈ മത്സരം ഏറെ സ്‌പെഷ്യലാണ്. മുംബൈ ഇന്ത്യന്‍സ് ജേഴ്‌സിയില്‍ 200ാം മത്സരമാണ് താരം കളിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന പള്‍ട്ടാന്‍ കൂടിയാണ് രോഹിത്.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന സണ്‍റൈസേഴ്‌സ് മുംബൈ ബൗളര്‍മാരെ നിര്‍ദയം തച്ചുതകര്‍ക്കുകയാണ്. ആദ്യ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 81ന് ഒന്ന് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. 20 പന്തില്‍ 59 റണ്‍സുമായി ട്രാവിസ് ഹെഡും നാല് പന്തില്‍ എട്ട് റണ്‍സുമായി അഭിഷേക് ശര്‍മയുമാണ് ക്രീസില്‍.