| Monday, 6th May 2024, 8:52 pm

ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇത്രേം കഷ്ടപ്പെട്ട ഒരു ബൗളറുണ്ടാകില്ല; കുറ്റി തെറിപ്പിച്ചിട്ടും പുറത്തായില്ല, സഹതാരം ക്യാച്ചുമെടുത്തില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 55ാം മത്സരത്തിനാണ് വാംഖഡെ സ്റ്റേഡിയം സാക്ഷിയാകുന്നത്. പ്ലേ ഓഫ് സ്വപ്‌നം കാണുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഹോം ടീമായ മുംബൈ ഇന്ത്യന്‍സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

മുംബൈ ഇന്ത്യന്‍സിനായി വലംകയ്യന്‍ പേസര്‍ അന്‍ഷുല്‍ കാംബോജ് അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തില്‍ താരം വിക്കറ്റും സ്വന്തമാക്കി. ഐ.പി.എല്ലില്‍ ആദ്യ വിക്കറ്റ് കുറിക്കാനായുള്ള താരത്തിന്റെ ‘കഷ്ടപ്പാടാണ്’ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ചര്‍ച്ചയാകുന്നത്.

അഞ്ചാം ഓവറില്‍ കാംബോജ് ട്രാവിസ് ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു. 24 റണ്‍സ് നേടിയപ്പോഴായിരുന്നു കാംബോജ് താരത്തെ പുറത്താക്കിയത്. ഐ.പി.എല്ലിലെ തന്റെ ആദ്യ വിക്കറ്റ് നേട്ടം സഹതാരങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്നതിനിടെയാണ് അമ്പയര്‍ ആ പന്ത് നോ ബോള്‍ വിളിക്കുന്നത്.

ഫ്രീ ഹിറ്റ് ഡെലിവെറിയായ തൊട്ടടുത്ത പന്തും ഓവര്‍ സ്‌റ്റെപ്പിങ്ങിന്റെ പേരില്‍ നോ ബോളെന്ന് വിധിയെഴുതിയതോടെ അടുത്ത പന്തും ഫ്രീ ഹിറ്റായി മാറി. ഈ രണ്ട് ഫ്രീ ഹിറ്റ് ഡെലിവെറിയിലും ഹെഡ് ബൗണ്ടറി നേടി. ആ ഓവറില്‍ 19 റണ്‍സാണ് താരം വഴങ്ങിയത്. ആദ്യ ഓവറില്‍ 13 റണ്‍സും താരം വഴങ്ങിയിരുന്നു.

ബുംറക്കും ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കും ശേഷം ഇന്നിങ്‌സിലെ എട്ടാം ഓവര്‍ എറിയാന്‍ കാംബോജ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് നടന്നടുത്തു. കരിയറിലെ ആദ്യ മത്സരത്തിനിറങ്ങി ആദ്യ രണ്ട് ഓവറില്‍ 32 റണ്‍സ് വഴങ്ങിയതിന്റെ സമ്മര്‍ദവും താരത്തിനുണ്ടായിരുന്നു.

ഓവറിലെ ആദ്യ പന്ത് ഡോട്ടായി മാറി. രണ്ടാം പന്തില്‍ ഷോട്ട് കളിച്ച ഹെഡിന് പിഴച്ചു. ബൗണ്ടറി ലൈനിന് സമീപത്ത് ഫീല്‍ഡ് ചെയ്ത നുവാന്‍ തുഷാരക്ക് നേരെ പന്ത് പറന്നുയര്‍ന്നു. നേരത്തെ നഷ്ടപ്പെട്ട കരിയറിലെ ആദ്യ ഐ.പി.എല്‍ വിക്കറ്റ് സ്വപ്‌നം കണ്ട കാംബോജിനെ നിരാശനാക്കി തുഷാര ആ സിംപിള്‍ ക്യാച്ച് താഴെയിട്ടു.

ഇതിനിടെ ഹെഡ് സിംഗിള്‍ നേടി സ്‌ട്രൈക്ക് മായങ്ക് അഗര്‍വാളിന് കൈമാറുകയും ചെയ്തിരുന്നു.

ഓവറിലെ മൂന്നാം പന്ത് വീണ്ടും ഡോട്ടാക്കി മാറ്റിയ താരം നാലാം പന്തില്‍ അഗര്‍വാളിനെ ക്ലീന്‍ ബൗള്‍ഡാക്കി ആദ്യ ഐ.പി.എല്‍ വിക്കറ്റ് തന്റെ പേരില്‍ കുറിച്ചു.

അതേസമയം, നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ 96ന് നാല് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. നാല് പന്തില്‍ മൂന്ന് റണ്‍സുമായി മാര്‍കോ യാന്‍സെനും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ഹെന്‌റിക് ക്ലാസനുമാണ് ക്രീസില്‍.

Content highlight: IPL 2024: MI vs SRH: Anshul Kamboj’s debut IPL wicket

We use cookies to give you the best possible experience. Learn more