| Wednesday, 27th March 2024, 9:13 pm

'ഇന്ത്യയില്‍ വന്ന് ഒരു ഓസ്‌ട്രേലിയക്കാരനും റെക്കോഡ് ഇടേണ്ട'; ചരിത്രം കുറിച്ച റെക്കോഡിന് അരമണിക്കൂര്‍ പോലും ആയുസ് നല്‍കാതെ ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പടുകൂറ്റന്‍ സ്‌കോറിലേക്ക്. 15 ഓവര്‍ പിന്നിടും മുമ്പ് തന്നെ സ്‌കോര്‍ ബോര്‍ഡില്‍ 200 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ മുംബൈ ബൗളര്‍മാരെ തല്ലിയൊതുക്കിയത്.

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ട്രാവിസ് ഹെഡിന്റെയും ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മയുടെയും വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.

സണ്‍റൈസേഴ്‌സിനായി അരങ്ങേറ്റത്തിനിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ഒരു തകര്‍പ്പന്‍ റെക്കോഡും ട്രാവിസ് ഹെഡ് സ്വന്തമാക്കിയിരുന്നു. സണ്‍റൈസേഴ്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടമാണ് ഹെഡ് സ്വന്തമാക്കിയത്. നേരിട്ട 18ാം പന്തിലാണ് ഹെഡ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഒടുവില്‍ എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ രണ്ടാം വിക്കറ്റായി പുറത്താകുമ്പോള്‍ 24 പന്തില്‍ 62 റണ്‍സാണ് ഹെഡ് തന്റെ പേരില്‍ കുറിച്ചത്. ഒമ്പത് ഫോറും മൂന്ന് സിക്‌സറും അടക്കം 258.33 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

എന്നാല്‍ ആ റെക്കോഡിന് അധികം ആയുസുണ്ടായിരുന്നില്ല. ട്രാവിസ് ഹെഡിനൊപ്പം വെടിക്കെട്ട് പുറത്തെടുത്ത യുവതാരം അഭിഷേക് ശര്‍മയാണ് ഹെഡിന്റെ പേരില്‍ കുറിച്ച ഈ റെക്കോഡ് തകര്‍ത്തത്.

നേരിട്ട 16ാം പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് അഭിഷേക് ശര്‍മ സണ്‍റൈസേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡ് തന്റെ പേരിലാക്കിയത്.

ട്രാവിസ് ഹെഡിന്റെ റെക്കോഡിന് വെറും 22 മിനിട്ടിന്റെ മാത്രം ആയുസാണ് ഉണ്ടായിരുന്നത്.

അഭിഷേക് ശര്‍മ 16ാം പന്തില്‍ ഫിഫ്റ്റിയടിച്ചതോടെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ‘റെക്കോഡുകള്‍ തകര്‍ക്കാനുള്ളതാണ്, എങ്കിലും ഇത്ര വേഗം തകര്‍ക്കരുത്’, ‘ഇന്ത്യയില്‍ വന്ന് റെക്കോഡിടാന്‍ വേറെയാരും വേണ്ട’ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

23 പന്തില്‍ 63 റണ്‍സ് നേടിയാണ് ശര്‍മ ഒടുവില്‍ പുറത്തായത്. ഏഴ് സിക്‌സറും മൂന്ന് ഫോറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.

അതേസമയം, 16 ഓവര്‍ പിന്നിടുമ്പോള്‍ 214ന് മൂന്ന് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. 23 പന്തില്‍ 34 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും 15 പന്തില്‍ 30 റണ്‍സുമായി ഹെന്റിച്ച് ക്ലാസനുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍:

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നമന്‍ ധിര്‍, ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുംറ, ഷാംസ് മുലാനി, ക്വേന മഫാക്ക.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡേ, ജയ്‌ദേവ് ഉനദ്കട്.

Content highlight: IPL 2024: MI vs SRH: Abhishek Sharma becomes the fastest half centurion in the history of Sunrisers Hyderabad

Latest Stories

We use cookies to give you the best possible experience. Learn more