| Monday, 1st April 2024, 8:53 pm

മൂന്ന് ടീമുകളുടെ റെക്കോഡാണ് ഒറ്റയ്‌ക്കൊരുത്തന്‍ തൂക്കിയത്; ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ഇത് ആദ്യവും നാലാം തവണയും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ ആദ്യ ഹോം മത്സരം കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലേ പിഴച്ചിരിക്കുകയാണ്. ആദ്യ ഓവര്‍ മുതലേ വിക്കറ്റുകള്‍ നിലംപൊത്തിയാണ് മുംബൈ വാംഖഡെയില്‍ പതറുന്നത്.

ആദ്യ നാല് ഓവറില്‍ നാല് വിക്കറ്റുകളാണ് മുംബൈ ഇന്ത്യന്‍സിന് നഷ്ടമായത്. ഇതില്‍ രണ്ട് വിക്കറ്റുകള്‍ വീണതാകട്ടെ ആദ്യ ഓവറിലും.

ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് വാംഖഡെ സ്റ്റേഡിയം ആദ്യം ഞെട്ടിയത്. മുന്‍ നായകന്‍ രോഹിത് ശര്‍മയെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചാണ് ബോള്‍ട്ട് മടക്കിയത്.

തൊട്ടടുത്ത പന്തില്‍ കളത്തിലിറങ്ങിയ നമന്‍ ധിറായിരുന്നു ബോള്‍ട്ടിന്റെ ഇര. ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തുന്നത് ഒരു കലയാണെങ്കില്‍ താനാണ് ലോകത്തിലെ ഏറ്റവും മികച്ച കലാകാരന്‍ എന്ന് തെളിയിക്കുന്ന പ്രകടനം പുറത്തെടുത്ത ബോള്‍ട്ട് എതിരാളിയെ വിക്കറ്റിന് മുമ്പില്‍ കുടുക്കി.

തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഹാട്രിക് ലക്ഷ്യമിട്ട ബോള്‍ട്ടിന് ആ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഡെവാള്‍ഡ് ബ്രെവിസിനെ ബര്‍ഗറിന്റെ കൈകളിലെത്തിച്ച് മൂന്നാം ഗോള്‍ഡന്‍ ഡക്കും ബോള്‍ട്ട് മുംബൈ ഇന്ത്യന്‍സിന് സമ്മാനിച്ചു.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് ഒരു ടീമിലെ മൂന്ന് താരങ്ങള്‍ ഗോള്‍ഡന്‍ ഡക്കായി പുറത്താകുന്നത്.

2009ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തിലാണ് ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു ടീമിലെ മൂന്ന് താരങ്ങള്‍ നേരിട്ട ആദ്യ പന്തില്‍ പുറത്താകുന്നത്.

അരിന്ദം ഘോഷ്, അജന്ത മെന്‍ഡിസ്, അശോക് ഡിന്‍ഡ എന്നിവരാണ് ആദ്യ പന്തില്‍ പുറത്തായത്. ഘോഷിനെ അഭിഷേക് നായര്‍ പുറത്താക്കിയപ്പോള്‍ മറ്റ് രണ്ട് പേരെയും മലിംഗയാണ് മടക്കിയത്.

ശേഷം 2017ലെ ഗുജറാത്ത് ലയണ്‍സ് – സണ്‍റൈസേഴ്‌സ് മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്, പ്രദീപ് സാങ്വാന്‍, മുനാഫ് പട്ടേല്‍ എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ദിനേഷ് കാര്‍ത്തിക്കിനെ റാഷിദ് ഖാനും സാങ്വാനെ മുഹമ്മദ് സിറാജും മുനാഫ് പട്ടേലിനെ ഭുവനേശ്വര്‍ കുമാറുമാണ് മടക്കിയത്.

രണ്ട് വര്‍ഷത്തിന് ശേഷം പഞ്ചാബ് കിങ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തിലും പഞ്ചാബിലൂടെ ഈ നേട്ടം പിറന്നു. ക്രിസ് മോറിസ്, കഗീസോ റബാദ, സന്ദീപ് ലാമിഷാന്‍ എന്നിവരാണ് ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത്.

ക്രിസ് മോറിസ് റണ്‍ ഔട്ടായപ്പോള്‍ മറ്റ് രണ്ട് താരങ്ങളെയും സാം കറനാണ് മടക്കിയത്.

എന്നാല്‍ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ബൗളര്‍ മൂന്ന് താരങ്ങളെ ഗോള്‍ഡന്‍ ഡക്കായി മടക്കുന്നത്. സാധാരണയായി ഒരു ടീമിന്റെ പേരില്‍ കുറിക്കപ്പെട്ട ഈ നേട്ടം ഇപ്പോള്‍ ട്രെന്റ് ബോള്‍ട്ട് തന്റെ പേരിലും കുറിച്ചിരിക്കുകയാണ്.

Content highlight: IPL 2024: MI vs RR: Trent Boult picks 3 first ball wickets

We use cookies to give you the best possible experience. Learn more