ഐതിഹാസിക ഡബിള്‍; അതൊരു കലയാണെങ്കില്‍ ഇവന്‍ ലോകം കണ്ട ഏറ്റവും മികച്ച കലാകാരന്‍; ഇരട്ട റെക്കോഡില്‍ സഞ്ജുവിന്റെ തണ്ടര്‍ ബോള്‍ട്ട്
IPL
ഐതിഹാസിക ഡബിള്‍; അതൊരു കലയാണെങ്കില്‍ ഇവന്‍ ലോകം കണ്ട ഏറ്റവും മികച്ച കലാകാരന്‍; ഇരട്ട റെക്കോഡില്‍ സഞ്ജുവിന്റെ തണ്ടര്‍ ബോള്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st April 2024, 9:31 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് തുടക്കം അമ്പേ പാളിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടി വരികയും ആദ്യ ഓവറുകളില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടുമാണ് മുംബൈ പതറിയത്.

ഹോം ടീമിനെതിരെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടിയാണ് മുന്‍ മുംബൈ ഇന്ത്യന്‍ സൂപ്പര്‍ താരം കൂടിയായിരുന്ന ട്രെന്‍ ബോള്‍ട്ട് തിളങ്ങിയത്. തന്റെ മുന്‍ നായകന്‍ രോഹിത് ശര്‍മയെ നിലവിലെ തന്റെ നായകന്റെ കൈകളിലെത്തിച്ചാണ് ബോള്‍ട്ട് പുറത്താക്കിയത്.

ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ രോഹിത്തിനെ പുറത്താക്കുകയായിരുന്നു.

തൊട്ടടുത്ത പന്തില്‍ യുവതാരം നമന്‍ ധിറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ഗോള്‍ഡന്‍ ഡക്കായും താരം മടക്കി.

ഇതിന് പിന്നാലെ രണ്ട് തകര്‍പ്പന്‍ നേട്ടങ്ങളാണ് ബോള്‍ട്ടിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. സൂപ്പര്‍ താരം ഭുവനേശ്വര്‍ കുമാറിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ബോള്‍ട്ട് ഇപ്പോള്‍

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ആദ്യ ഓവറില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരം

താരം – വിക്കറ്റ് – എറിഞ്ഞ പന്തുകള്‍ എന്നീ ക്രമത്തില്‍

ട്രെന്റ് ബോള്‍ട്ട് – 25* – 486

ഭുവനേശ്വര്‍ കുമാര്‍ – 25 – 9696

പ്രവീണ്‍ കുമാര്‍ – 15 – 534

സന്ദീപ് ശര്‍മ – 13 – 468

ദീപക് ചഹര്‍ – 12 – 432

സഹീര്‍ ഖാന്‍ – 12 – 390

 

ഇതിന് പുറമെ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാനും ബോള്‍ട്ടിന് സാധിച്ചു.

ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങള്‍

ട്രെന്റ് ബോള്‍ട്ട് – 5 തവണ

ഡെയ്ല്‍ സ്‌റ്റെയ്ന്‍ – 2 തവണ

പ്രവീണ്‍ കുമാര്‍ – 2 തവണ

ഉമേഷ് യാദവ് – 2 തവണ

അതേസമയം, ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി. സീസണില്‍ ഒരു ടീമിന്റെ ഏറ്റവും മോശം സ്‌കോറാണിത്.

21 പന്തില്‍ 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും 29 പന്തില്‍ 32 റണ്‍സ് നേടിയ തിലക് വര്‍മയുമാണ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

രാജസ്ഥാനായി യൂസ്വേന്ദ്ര ചഹലും ട്രെന്റ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നാന്ദ്രേ ബര്‍ഗര്‍ രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും നേടി.

 

 

Content highlight: IPL 2024: MI vs RR: Trent Boult picks 25 wickets in 1st over