ഐ.പി.എല്‍ 2024ലെ 38ാം മത്സരം ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ തുടരുകയാണ്. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് മത്സരത്തില്‍ ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍. സീസണിലെ അവസാന മത്സരമാണ് രാജസ്ഥാന്‍ എസ്.എം.എസ്സില്‍ കളിക്കുന്നത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 179 റണ്‍സാണ് നേടിയത്.
ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ പുറത്തായിരുന്നു. അഞ്ച് പന്തില്‍ ആറ് റണ്‍സുമായി നില്‍ക്കവെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
ആദ്യ ഓവറില്‍ ബോള്‍ട്ട് തുടങ്ങിവെച്ച വിക്കറ്റ് വേട്ട രണ്ടാം ഓവറില്‍ സന്ദീപ് ശര്‍മ തുടര്‍ന്നു. ഇഷാന്‍ കിഷനെ ബ്രോണ്‍സ് ഡക്കാക്കി മടക്കിയാണ് സന്ദീപ് ശര്‍മ വിക്കറ്റ് വേട്ട ആരംഭിച്ചത്. സഞ്ജുവിന് ക്യാച്ച് നല്‍കിയായിരുന്നു താരം പുറത്തായത്.
മികച്ച രീതിയിലാണ് തുടര്‍ന്നും സന്ദീപ് ശര്‍മ പന്തെറിഞ്ഞത്. പരിക്കിന് പിന്നാലെ ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍ താരം ക്യാപ്റ്റന്റെ പ്രതീക്ഷകളെ പൂര്‍ണമായും തൃപ്തിപ്പെടുത്തി.
തന്റെ രണ്ടാം ഓവറില്‍ ബിഗ് ഫിഷ് സൂര്യകുമാറായിരുന്നു താരത്തിന്റെ അടുത്ത ഇര. എട്ട് പന്തില്‍ പത്ത് റണ്‍സുമായി നില്‍ക്കവെ റോവ്മന്‍ പവലിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
മുംബൈ ഇന്നിങ്‌സിന്റെ അവസാന ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ സഞ്ജു ഏല്‍പിച്ചത് സന്ദീപ് ശര്‍മയെയായിരുന്നു. അവസാന ഓവറില്‍ തിലക് വര്‍മയുടേതുള്‍പ്പെടെ മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
തിലക് വര്‍മയെ പവലിന്റെ കൈകളിലെത്തിച്ച് പുറത്താക്കിയ സന്ദീപ് ശര്‍മ തൊട്ടുത്ത പന്തില്‍ ജെറാള്‍ഡ് കോട്‌സിയെ ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ കൈകളിലെത്തിച്ചും മടക്കി. ഓവറിലെ അഞ്ചാം പന്തില്‍ ടിം ഡേവിഡിനെയും പുറത്താക്കിയ താരം അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു. നാല് ഓവറില്‍ വെറും 19 റണ്‍സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
ഈ മികച്ച പ്രകടനത്തിന് പിന്നാലെ സീസണിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറും താരം സ്വന്തമാക്കിയിരുന്നു. ജസ്പ്രീത് ബുംറയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് സന്ദീപ് ശര്‍മ ഒന്നാമതെത്തിയത്.
ഐ.പി.എല്‍ 2024ലെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ (ഇതുവരെ)
(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍)
സന്ദീപ് ശര്‍മ – രാജസ്ഥാന്‍ റോയല്‍സ് – മുംബൈ ഇന്ത്യന്‍സ് – 5/18