| Monday, 22nd April 2024, 7:56 pm

ബോള്‍ട്ട്-സഞ്ജു; രക്തം ചിന്തി, രോഹിത്തിനെതിരെ രാജസ്ഥാന്റെ മാജിക്കല്‍ കോംബിനേഷന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 38ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുത്തു.

രാജസ്ഥാനായി ആദ്യ ഓവര്‍ എറിയാനെത്തിയ ട്രെന്റ് ബോള്‍ട്ട് തന്റെ ട്രെന്റ് ഈ മത്സരത്തിലും തുടര്‍ന്നു. ആദ്യ ഓവറില്‍ രോഹിത് ശര്‍മയെ പുറത്താക്കിയാണ് ബോള്‍ട്ട് തിളങ്ങിയത്.

ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ബോള്‍ട്ടിനെതിരെ രണ്ട് റണ്‍സ് നേടിയ രോഹിത് തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയും നേടിയിരുന്നു. മൂന്ന്, നാല് പന്ത് ഡോട്ടാക്കി മാറ്റിയ ബോള്‍ട്ട് അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ പുറത്താക്കുകയായിരുന്നു.

ബോള്‍ട്ടിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച രോഹിത്തിന് പിഴച്ചു. കുത്തനെ ഉയര്‍ന്നുപൊങ്ങിയ പന്ത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരു മികച്ച ക്യാച്ചിലൂടെ കയ്യിലൊതുക്കുകയായിരുന്നു. അഞ്ച് പന്തില്‍ ആറ് റണ്‍സാണ് രോഹിത് നേടിയത്.

സീസണില്‍ ഇത് രണ്ടാം തവണയാണ് രോഹിത് ബോള്‍ട്ടിന്റെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കി പുറത്താവുന്നത്. നേരത്തെ വാംഖഡെയില്‍ നടന്ന മത്സരത്തിലും ഓവറിലെ അഞ്ചാം പന്തിലാണ് രോഹിത്തിനെ ബോള്‍ട്ട് മടക്കിയത്. സഞ്ജുവിന്റെ അസാമാന്യ ക്യാച്ചിലായിരുന്നു രോഹിത്തിന്റെ മടക്കം.

സന്ദീപ് ശര്‍മയെറിഞ്ഞ രണ്ടാം ഓവറിലും മുംബൈക്ക് തിരിച്ചടിയേറ്റു. രണ്ടാം ഓപ്പണറായ ഇഷാന്‍ കിഷന്‍ ബ്രോണ്‍സ് ഡക്കായി മടങ്ങി. സന്ദീപിന്റെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയിലാണ് മുംബൈ. രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി തിലക് വര്‍മയും രണ്ട് പന്തില്‍ ഒരു റണ്ണുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, റോവ്മന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നേഹല്‍ വധേര, ജെറാള്‍ഡ് കോട്സി, മുഹമ്മദ് നബി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ.

Content Highlight: IPL 2024: MI vs RR: Rohit Sharma again dismissed by Trent Boult and Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more