ഐ.പി.എല്‍ 2024ലെ 38ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റിങ് തെരഞ്ഞെടുത്തു.
രാജസ്ഥാനായി ആദ്യ ഓവര്‍ എറിയാനെത്തിയ ട്രെന്റ് ബോള്‍ട്ട് തന്റെ ട്രെന്റ് ഈ മത്സരത്തിലും തുടര്‍ന്നു. ആദ്യ ഓവറില്‍ രോഹിത് ശര്‍മയെ പുറത്താക്കിയാണ് ബോള്‍ട്ട് തിളങ്ങിയത്.
ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ബോള്‍ട്ടിനെതിരെ രണ്ട് റണ്‍സ് നേടിയ രോഹിത് തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയും നേടിയിരുന്നു. മൂന്ന്, നാല് പന്ത് ഡോട്ടാക്കി മാറ്റിയ ബോള്‍ട്ട് അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ പുറത്താക്കുകയായിരുന്നു.
ബോള്‍ട്ടിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച രോഹിത്തിന് പിഴച്ചു. കുത്തനെ ഉയര്‍ന്നുപൊങ്ങിയ പന്ത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരു മികച്ച ക്യാച്ചിലൂടെ കയ്യിലൊതുക്കുകയായിരുന്നു. അഞ്ച് പന്തില്‍ ആറ് റണ്‍സാണ് രോഹിത് നേടിയത്.
സീസണില്‍ ഇത് രണ്ടാം തവണയാണ് രോഹിത് ബോള്‍ട്ടിന്റെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കി പുറത്താവുന്നത്. നേരത്തെ വാംഖഡെയില്‍ നടന്ന മത്സരത്തിലും ഓവറിലെ അഞ്ചാം പന്തിലാണ് രോഹിത്തിനെ ബോള്‍ട്ട് മടക്കിയത്. സഞ്ജുവിന്റെ അസാമാന്യ ക്യാച്ചിലായിരുന്നു രോഹിത്തിന്റെ മടക്കം.
നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയിലാണ് മുംബൈ. രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി തിലക് വര്‍മയും രണ്ട് പന്തില്‍ ഒരു റണ്ണുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.