ഇത് ഏപ്രില്‍ ഫൂളല്ല, മുംബൈ ഇന്ത്യന്‍സിന്റെ ഹോം കമിങ്ങാണ്
IPL
ഇത് ഏപ്രില്‍ ഫൂളല്ല, മുംബൈ ഇന്ത്യന്‍സിന്റെ ഹോം കമിങ്ങാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st April 2024, 9:57 pm

 

 

ഐ.പി.എല്‍ 2024ലെ 14ാം മത്സരത്തില്‍ സീസണിലെ ഏറ്റവും മോശം സ്‌കോര്‍ പടുത്തുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് മുംബൈ നേടിയത്.

സീസണിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട് അവസാന സ്ഥാനത്തേക്ക് വീണ മുംബൈക്ക് തിരിച്ചുവരാനുള്ള പ്രധാന വഴിയായിരുന്നു വാംഖഡെ സ്റ്റേഡിയം. സ്വന്തം തട്ടകത്തില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വിജയിച്ച് തുടങ്ങാം എന്ന സ്വപ്‌നങ്ങള്‍ക്ക് മേല്‍ ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ രാജസ്ഥാന്‍ രോയല്‍സ് കരിനിഴല്‍ വീഴ്ത്തിത്തുടങ്ങി.

ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ ഒരു റണ്‍സാണ് മുംബൈക്ക് നേടാന്‍ സാധിച്ചത്. രണ്ട് വിക്കറ്റും നഷ്ടമായി. ഓവറിലെ അഞ്ചാം പന്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെ ഗോള്‍ഡന്‍ ഡക്കാക്കി പുറത്താക്കിയ ബോള്‍ട്ട് തൊട്ടടുത്ത പന്തില്‍ നമന്‍ ധിറിനെയും മടക്കി.

മൂന്നാം ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെയും മടക്കി ബോള്‍ട്ട് കരുത്തുകാട്ടി.

ഇഷാന്‍ കിഷന്‍ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ആ ചെറുത്തുനില്‍പിനും അധികം ആയുസ്സുണ്ടായിരുന്നില്ല. നാലാം ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ഇഷാനെ മടക്കി നാന്ദ്രേ ബര്‍ഗര്‍ മുംബൈക്ക് അടുത്ത പ്രഹരം നല്‍കി.

സ്വന്തം ആരാധകരുടെ കൂവലുകളുടെ അകമ്പടിയോടെ ക്രീസിലെത്തിയ നായകന്‍ ഹര്‍ദിക് പാണ്ഡ്യ തിലക് വര്‍മയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്തി.

21 പന്തില്‍ 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും 29 പന്തില്‍ 32 റണ്‍സ് നേടിയ തിലക് വര്‍മയുമാണ് സ്‌കോറിങ്ങില്‍ നിര്‍ണായകമായത്. ഇവരുടെ ചെറുത്ത് നില്‍പില്ലായിരുന്നെങ്കില്‍ ആദ്യ ഹോം മത്സരത്തില്‍ മുംബൈയുടെ ഗതി ഇതിലും പരിതാപകരമാകുമായിരുന്നു.

ഒടുവില്‍ മുംബൈ 125/9 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

രാജസ്ഥാനായി യൂസ്വേന്ദ്ര ചഹലും ട്രെന്റ് ബോള്‍ട്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നാന്ദ്രേ ബര്‍ഗര്‍ രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും നേടി.

നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങിയാണ് ചഹല്‍ മൂന്ന് വിക്കറ്റ് നേടിയത്.

മുംബൈ നിരയില്‍ വീണ ഒമ്പതില്‍ എട്ട് വിക്കറ്റുകളും ക്യാച്ചിലൂടെയാണ് പിറന്നത്. നമന്‍ ധിര്‍ മാത്രമാണ് ക്യാച്ചിലൂടെയല്ലാതെ മടങ്ങിയത്.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ 17 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ആദ്യ ഓവറിന്റെ അവസാന പന്തില്‍ യശസ്വി ജെയ്‌സ്വാളിനെ ക്വേന മഫാക്ക പുറത്താക്കുകയായിരുന്നു. താരത്തിന്റെ ആദ്യ ഐപി.എല്‍ വിക്കറ്റാണിത്.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കോട്സി, പീയൂഷ് ചൗള, ആകാശ് മധ്വാള്‍, ജസ്പ്രീത് ബുംറ, ക്വേന മഫാക്ക

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ജോഷ് ബട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, നാന്ദ്രേ ബര്‍ഗര്‍, യൂസ്വേന്ദ്ര ചഹല്‍.

 

Content Highlight: IPL 2024: MI vs RR: Mumbai Indians scored lowest total of this season