ഐ.പി.എല്‍ 2024ലെ 38ാം മത്സരം ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് ഹോം ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍.
മത്സരത്തില്‍ സൂപ്പര്‍ താരം ജോസ് ബട്‌ലറിന്റെ പേരില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് പിറക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മുംബൈ ഇന്ത്യന്‍സിനെതിരെ ആരാധകരുടെ സ്വന്തം ജോസേട്ടന്‍ 500 റണ്‍സ് പൂര്‍ത്തിയാക്കുമോ എന്നാണ് ഇവര്‍ ഉറ്റുനോക്കുന്നത്.
മത്സരത്തില്‍ ഈ നേട്ടം പൂര്‍ത്തിയാക്കാന്‍ വെറും രണ്ട് റണ്‍സാണ് ജോസ് ബട്‌ലറിന് ആവശ്യമുള്ളത്.
ഇതിന് പുറമെ 27 റണ്‍സ് കൂടി കണ്ടെത്താനായാല്‍ ഐ.പി.എല്ലില്‍ 3,500 റണ്‍സ് എന്ന നേട്ടവും രാജസ്ഥാന്‍ ഓപ്പണറെ തേടിയെത്തും.
ഇപ്പോള്‍ നടക്കുന്ന മത്സരത്തിന് മുമ്പ് വരെ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 148.66 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 62.25 എന്ന ശരാരിയിലും 498 റണ്‍സാണ് ബട്‌ലര്‍ നേടിയത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് മുംബൈക്കെതിരെ ബട്‌ലറിന്റെ സമ്പാദ്യം.
ഐ.പി.എല്ലിലിതുവരെ 101 ഇന്നിങ്‌സുകളില്‍ ബാറ്റേന്തിയ ബട്‌ലര്‍ 39.02 എന്ന ശരാശരിയിലും 148.29 എന്ന സ്‌ട്രൈക്ക് റേറ്റിലും 3473 റണ്‍സാണ് ബട്‌ലര്‍ ഇതുവരെ നേടിയത്. ഏഴ് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയുമാണ് ഐ.പി.എല്ലില്‍ താരം സ്വന്തമാക്കിയത്. (മുംബൈക്കെതിരായ മത്സരത്തിന് മുമ്പുള്ള കണക്കുകള്‍).
ബട്‌ലറിന് പുറമെ നായകന്‍ സഞ്ജു സാംസണെയും ഈ നേട്ടം കാത്തിരിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ 500 റണ്‍സ് എന്ന നേട്ടം തന്നെയാണ് സഞ്ജുവിനെയും കാത്തിരിക്കുന്നത്. ഇതിന് വേണ്ടതാകട്ടെ വെറും 12 റണ്‍സും.
അതേസമയം, നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 131 എന്ന നിലയിലാണ് മുംബൈ ഇന്ത്യന്‍സ്. 20 പന്തില്‍ 36 റണ്‍സുമായി നേഹല്‍ വധേരയും 37 പന്തില്‍ 49 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.