| Monday, 22nd April 2024, 6:59 pm

'കാണാന്‍ പോകുന്നത് ബോള്‍ട്ടിനോടുള്ള രോഹിത്തിന്റെ പ്രതികാരം, അവന്‍ അടിച്ചുതൂക്കും'; പോര്‍മുഖം തുറന്ന് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 38ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയാണ്. രാജസ്ഥാന്റെ സ്വന്തം തട്ടകമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.

സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. നേരത്തെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയം രാജസ്ഥാനൊപ്പമായിരുന്നു. ചഹലിന്റെയും ബോള്‍ട്ടിന്റെയും കരുത്തില്‍ മുംബൈയെ വെറും 125 റണ്‍സിന് ഒതുക്കിയ രാജസ്ഥാന്‍ റിയാന്‍ പരാഗിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ അസാമാന്യ ക്യാച്ചിലാണ് രോഹിത് തിരിച്ചുനടന്നത്.

ഇപ്പോള്‍ ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ രോഹിത് കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന് പ്രതികാരം വീട്ടുമെന്ന് അഭിപ്രായപ്പെടുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. രാജസ്ഥാനെതിരായ മത്സരത്തില്‍ തിളങ്ങാന്‍ പോകുന്ന മുംബൈ താരങ്ങളെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ആദ്യം രോഹിത് ശര്‍മയെ തന്നെ തെരഞ്ഞെടുക്കും. അദ്ദേഹം ട്രെന്റ് ബോള്‍ട്ടിനോട് പ്രതികാരം ചെയ്യും. കഴിഞ്ഞ മത്സരത്തില്‍ രോഹിത് പൂജ്യത്തിനാണ് പുറത്തായത്. എന്നാല്‍ ഈ മത്സരത്തില്‍ ബോള്‍ട്ടിനെതിരെ തകര്‍ത്തടിക്കാന്‍ തന്നെയായിരിക്കും രോഹിത് ശ്രമിക്കുന്നത്.

നിലവിലെ തന്റെ ഫോം അനുസരിച്ച് രാജസ്ഥാന്‍ ബൗളര്‍മാരെ ആക്രമിച്ചുകളിക്കാന്‍ തന്നെയായിരിക്കും രോഹിത് ഒരുങ്ങുന്നത്,’ ചോപ്രയുടെ വാക്കുകളെ ഉദ്ധരിച്ച് ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

‘രോഹിത്തിന് ശേഷം സൂര്യകുമാര്‍ യാദവാണ്. കഴിഞ്ഞ ചില മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായെങ്കിലും അവന്‍ വളരെ മികച്ച താരമാണ്. അവന് ഇന്ന് ഒരിക്കലും പരാജയപ്പെടാന്‍ സാധിക്കില്ല.

അവസാനം ഞാന്‍ തെരഞ്ഞെടുക്കുന്നത് ജസ്പ്രീത് ബുംറയെ തന്നെയായിരിക്കണം. അവന്‍ വരികയും എതിരാളികളുടെ മൊമെന്റം പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. വളരെ എക്കണോമിക്കലായി പന്തെറിയുന്നവനാണ് ബുംറ. ഒരു ടീമും അവനെതിരെ 20-25 റണ്‍സ് നേടിയിട്ടില്ല.

ബുംറ മികച്ച രീതിയില്‍ പന്തെറിഞ്ഞാല്‍ രാജസ്ഥാന്‍ റോയല്‍സിന് ശേഷിക്കുന്ന 16 ഓവറുകളില്‍ നിന്നുമായി റണ്‍സ് കണ്ടെത്തേണ്ടി വരും,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും മൂന്ന് ജയവും നാല് തോല്‍വിയുമായി ആറ് പോയിന്റാണ് ഹര്‍ദിക്കിനും സംഘത്തിനുമുള്ളത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുംബൈ.

കളിച്ച ഏഴ് മത്സരത്തില്‍ ആറിലും വിജയിച്ച് 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. സ്വന്തം കോട്ടയായ എസ്.എം.എസ്സിലും മുംബൈയെ പരാജയപ്പെടുത്തി പ്ലേ ഓഫിനുള്ള റേസില്‍ എതിരാളികളെ പിന്നിലാക്കാനുള്ള ശ്രമത്തിലാണ് സഞ്ജും രാജസ്ഥാനും.

Content Highlight: IPL 2024: MI vs RR: Akash Chopra says Rohit Sharma will seek revenge against Trent Boult

We use cookies to give you the best possible experience. Learn more