ഒറ്റ മത്സരത്തില്‍ രണ്ട് തവണയല്ലേ ഹാട്രിക് കണ്‍മുമ്പില്‍ നിന്നും പോയത്; മുംബൈക്കായി ചരിത്രമെഴുതാന്‍ സാധിക്കാതെ ബുംറ
IPL
ഒറ്റ മത്സരത്തില്‍ രണ്ട് തവണയല്ലേ ഹാട്രിക് കണ്‍മുമ്പില്‍ നിന്നും പോയത്; മുംബൈക്കായി ചരിത്രമെഴുതാന്‍ സാധിക്കാതെ ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th April 2024, 10:00 pm

 

ഐ.പി.എല്‍ 2024ലെ 25ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുമ്പില്‍ 197 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി, രജത് പാടിദാര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബി 196 റണ്‍സെടുത്തത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. വിരാട് കോഹ്‌ലി ഒമ്പത് പന്തില്‍ മൂന്ന് റണ്‍സുമായി പുറത്തായി. ഗ്ലെന്‍ മാക്‌സ്‌വെല്ലും മഹിപാല്‍ ലോംറോറും പൂജ്യത്തിന് മടങ്ങിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ വില്‍ ജാക്‌സ് എട്ട് റണ്‍സിനും പുറത്തായി.

ഫാഫ് 40 പന്തില്‍ 61 റണ്‍സും പാടിദാര്‍ 26 പന്തില്‍ 50 റണ്‍സും നേടിയപ്പോള്‍ 23 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് ദിനേഷ് കാര്‍ത്തിക് അടിച്ചെടുത്തത്. അഞ്ച് ഫോറും നാല് സിക്‌സറും അടക്കം 230.43 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്.

മുംബൈക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടി. ഐ.പി.എല്ലില്‍ താരത്തിന്റെ രണ്ടാം ഫൈഫറാണിത്. ശ്രേയസ് ഗോപാല്‍, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്വാള്‍ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മത്സരത്തില്‍ രണ്ട് തവണ ബുംറക്ക് ഹാട്രിക് നേടാനുള്ള അവസരമൊരുങ്ങിയിരുന്നു. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ വിരാട് കോഹ്‌ലിയെ മടക്കിയാണ് ബുംറ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

17ാം ഓവറിലെ നാലാം പന്തിലാണ് ബുംറ തന്റെ രണ്ടാം വിക്കറ്റ് നേടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ ടിം ഡേവിഡിന്റെ കൈകളിലെത്തിച്ചാണ് താരം പുറത്താക്കിയത്. തൊട്ടടുത്ത പന്തില്‍ മഹിപാല്‍ ലോംറോറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയും ബുംറ മടക്കി.

ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ സൗരവ് ചൗഹാനാണ് ഹാട്രിക് ബോള്‍ നേരിട്ടത്. താരം പന്ത് കൃത്യമായി ഡിഫന്‍ഡ് ചെയ്തതോടെ ബുംറക്ക് ഹാട്രിക് നഷ്ടമായി.

എന്നാല്‍ തന്റെ സ്‌പെല്ലിലെ അവസാന ഓവറില്‍ ചൗഹാനെ ബുംറ പുറത്താക്കി. എട്ട് പന്തില്‍ ഒമ്പത് റണ്‍സ് നേടി നില്‍ക്കവെ ആകാശ് മധ്വാളിന്റെ കൈകളിലെത്തിച്ചാണ് താരം പുറത്താക്കിയത്. തൊട്ടടുത്ത പന്തില്‍ വൈശാഖ് വിജയ് കുമാറിനെയും പുറത്താക്കിയ ബുംറ വീണ്ടും ഹാട്രിക് നേടുമെന്ന് തോന്നിച്ചു.

ഇത്തവണ ഹാട്രിക് ബോള്‍ നേരിടാനെത്തിയത് ആകാശ് ദീപാണ്. മുംബൈക്കായി കരിയറിലെ ആദ്യ ഹാട്രിക് എന്ന നേട്ടവുമായി ഓടിയെത്തിയ ബുംറയെ ആകാശ് ദീപും അതിന് അനുവദിച്ചില്ല.

ഇതോടെ മുംബൈ ഇന്ത്യന്‍സിനായി ഹാട്രിക് നേടുന്ന താരം എന്ന ചരിത്ര നേട്ടമാണ് ബുംറയുടെ കയ്യകലത്ത് നിന്നും ഒന്നല്ല രണ്ട് തവണ തെന്നിമാറിയത്.

നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങിയാണ് ബുംറ അഞ്ച് വിക്കറ്റ് നേടിയത്.

ഐ.പി.എല്ലിലെ രണ്ടാം ഫൈഫറും നേടിയ ബുംറ, സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഒന്നാമനായിരിക്കുകയാണ്. യൂസ്വേന്ദ്ര ചഹലിനൊപ്പം പത്ത് വിക്കറ്റോടെയാണ് ബുംറ ഒന്നാമതെത്തിയത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, റീസ് ടോപ്‌ലി, വൈശാഖ് വിജയ് കുമാര്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്വാള്‍.

 

Content Highlight: IPL 2024: MI vs RCB: Jasprit Bumrah picks 5 wickets