| Thursday, 11th April 2024, 10:34 pm

ഈ സീസണില്‍ മാത്രം മൂന്നെണ്ണം; ഇനി ലിസ്റ്റില്‍ ഒന്നാമത് നിന്ന് മൂന്ന് പേര്‍ക്കുകൂടി താറാവ് കൃഷി നടത്താം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 25ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 196 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മുംബൈ ഇന്ത്യന്‍സിന്റെ തട്ടകമായ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി, രജത് പാടിദാര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബി 196 റണ്‍സെടുത്തത്.

ഫാഫ് 40 പന്തില്‍ 61 റണ്‍സും പാടിദാര്‍ 26 പന്തില്‍ 50 റണ്‍സും നേടിയപ്പോള്‍ 23 പന്തില്‍ പുറത്താകാതെ 53 റണ്‍സാണ് ദിനേഷ് കാര്‍ത്തിക് അടിച്ചെടുത്തത്. അഞ്ച് ഫോറും നാല് സിക്സറും അടക്കം 230.43 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്.

ഈ സീസണില്‍ തുടരെ തുടരെ മോശം പ്രകടനം പുറത്തെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ ഈ മത്സരത്തിലും തന്റെ പതിവ് തെറ്റിച്ചില്ല. നാല് പന്തില്‍ പൂജ്യം റണ്‍സ് നേടിയാണ് മാക്‌സ്‌വെല്‍ പുറത്തായത്. ശ്രേയസ് ഗോപാലിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു മാക്‌സിയുടെ മടക്കം.

ഈ സീസണില്‍ ഇത് മൂന്നാം തവണയാണ് മാക്‌സി പൂജ്യത്തിന് പുറത്താകുന്നത്.

0 (1), 3 (5), 28 (19), 0 (2), 1 (3), 0 (4) എന്നിങ്ങനെയാണ് സീസണില്‍ മാക്സ്‌വെല്ലിന്റെ പ്രകടനം.

മുംബൈക്കെതിരെയും പൂജ്യത്തിന് പുറത്തായതോടെ ഒരു മോശം റെക്കോഡാണ് മാക്‌സ്‌വെല്ലിനെ തേടിയത്തിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് മാക്‌സി തലകുനിച്ചുനില്‍ക്കുന്നത്.

ഇത് 17ാം തവണയാണ് മാക്‌സ് വെല്‍ പൂജ്യത്തിന് പുറത്താകുന്നത്. രോഹിത് ശര്‍മക്കും ദിനേഷ് കാര്‍ത്തിക്കിനുമൊപ്പം മോശം റെക്കോഡില്‍ ഒന്നാം സ്ഥാനം പങ്കിടുകയാണ് ഓസീസ് ഓള്‍ റൗണ്ടര്‍.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍ – 17*

രോഹിത് ശര്‍മ – 17

ദിനേഷ് കാര്‍കത്തിക് – 17

മന്‍ദീപ് സിങ് – 15

സുനില്‍ നരെയ്ന്‍ – 15

പിയൂഷ് ചൗള – 15

റാഷിദ് ഖാന്‍ – 15

അതേസമയം, ആര്‍.സി.ബി ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ആറ് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 72 എന്ന നിലയിലാണ്. 25 പന്തില്‍ 55 റണ്‍സുമായി ഇഷാന്‍ കിഷനും 11 പന്തില്‍ 15 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്വാള്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, റീസ് ടോപ്‌ലി, വൈശാഖ് വിജയ് കുമാര്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

Content Highlight: IPL 2024: MI vs RCB: Glenn Maxwekl tops the list of most ducks in IPL with Rohit Sharma and Dinesh Karthik

We use cookies to give you the best possible experience. Learn more