250 നോട്ട് ഔട്ട്; പഞ്ചാബിനെതിരെ ചരിത്രം കുറിച്ച് രോഹിത്
IPL
250 നോട്ട് ഔട്ട്; പഞ്ചാബിനെതിരെ ചരിത്രം കുറിച്ച് രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th April 2024, 7:29 pm

 

ഐ.പി.എല്‍ 2024ലെ 33ാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാപൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

ശിഖര്‍ ധവാന്‍ ഇല്ലാത്ത മറ്റൊരു മത്സരത്തിനാണ് പഞ്ചാബ് ഇറങ്ങുന്നത്. ഗബ്ബറിന്റെ അഭാവത്തില്‍ സാം കറനാണ് വീണ്ടും പഞ്ചാബ് കിങ്‌സിനെ നയിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ സാം കറന്‍ ബൗളിങ് തെരഞ്ഞെടുത്തു.

മുംബൈ ഇന്ത്യന്‍സിനായി ഓപ്പണറുടെ റോളില്‍ ക്രീസിലെത്തുന്ന രോഹിത് ശര്‍മ ഒരു ചരിത്ര നേട്ടത്തെയും ഒപ്പം കൂട്ടുന്നുണ്ട്. ഐ.പി.എല്ലിലെ 250ാം മത്സരത്തിനാണ് താരം പഞ്ചാബിന്റെ തട്ടകത്തിലേക്കിറങ്ങുന്നത്.

ഐ.പി.എല്ലില്‍ 250ാം മത്സരം കളിക്കുന്ന രണ്ടാമത് മാത്രം താരമാണ് രോഹിത് ശര്‍മ. ചെന്നൈ സൂപ്പര്‍ കിങ്‌സ് മഹേന്ദ്ര സിങ് ധോണി മാത്രമാണ് രോഹിത് ശര്‍മക്ക് മുമ്പിലുള്ളത്. മുംബൈ ഇതിഹാസത്തെക്കാള്‍ ആറ് മത്സരമാണ് ധോണി കൂടുതല്‍ കളിച്ചത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരങ്ങള്‍

(താരം – മത്സരം എന്നീ ക്രമിത്തില്‍)

എം.എസ്. ധോണി – 256

രോഹിത് ശര്‍മ – 250*

ദിനേഷ് കാര്‍ത്തിക് – 249

വിരാട് കോഹ്‌ലി – 244

രവീന്ദ്ര ജഡേജ – 232

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ രണ്ട് ടീമിന് വേണ്ടിയാണ് രോഹിത് ശര്‍മ കളിച്ചിട്ടുള്ളത്. ഈ രണ്ട് ടീമിനൊപ്പവും രോഹിത് ഐ.പി.എല്‍ കിരീടവുമണിഞ്ഞിട്ടുണ്ട്.

ആദ്യ മൂന്ന് സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്നു രോഹിത്. ഐ.പി.എല്ലിന്റെ രണ്ടാം സീസണില്‍ ഡെക്കാന്റെ വൈസ് ക്യാപ്റ്റന്‍ റോളിലെത്തിയ രോഹിത് ടീമിനെ കിരീടം ചൂടിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. തൊട്ടടുത്ത സീസണില്‍ ടീം സെമിയിലും പ്രവേശിച്ചിരുന്നു.

 

 

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഡ്രാഫ്റ്റായാണ് 2011ല്‍ രോഹിത് മുംബൈയിലെത്തിയത്. രണ്ട് സീസണില്‍ താരമെന്ന രീതിയില്‍ മുംബൈയുടെ നീല ജേഴ്‌സിയണിഞ്ഞ രോഹിത് 2013ല്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തു. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ മുംബൈ ഇന്ത്യന്‍സിനെ കിരീടം ചൂടിച്ച രോഹിത് മറ്റ് നാല് സീസണുകളില്‍ കൂടി കിരീടനേട്ടം ആവര്‍ത്തിച്ചു.

ഈ സീസണില്‍ ഹര്‍ദിക് പാണ്ഡ്യക്ക് കീഴിലാണ് രോഹിത് കളത്തിലിറങ്ങുന്നത്.

ഈ സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ആറ് ഇന്നിങ്‌സില്‍ നിന്നുമായി 52.20 എന്ന മികച്ച ശരാശരിയിലും 167.30 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലും 261 റണ്‍സാണ് താരം നേടിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സീസണില്‍ രോഹിത്തിന്റെ പേരിലുള്ളത്.

250ാം മത്സരത്തില്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്നും മറ്റൊരു സെഞ്ച്വറി കൂടി പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്‌സി, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ.

 

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

റിലീ റൂസോ, പ്രഭ്‌സിമ്രാന്‍ സിങ്, സാം കറന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2024: MI vs PBKS: Rohit Sharma playing his 250th IPL match