ഐ.പി.എല്‍ 2024ലെ 33ാം മത്സരം പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
എട്ട് പന്തില്‍ എട്ട് റണ്‍സ് നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷനെ നേരത്തെ നഷ്ടമായെങ്കിലും വണ്‍ ഡൗണായെത്തിയ സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ സ്‌കോര്‍ ഉയര്‍ത്തി.
തന്റെ കരിയറിലെ 250ാം മത്സരത്തിനാണ് രോഹിത് ശര്‍മ പഞ്ചാബ് കിങ്‌സിന്റെ തട്ടകത്തിലേക്കിറങ്ങിയത്. ഐ.പി.എല്ലില്‍ 250 മത്സരം പൂര്‍ത്തിയാക്കുന്ന രണ്ടാം താരമെന്ന നേട്ടവും ഇതോടൊപ്പം രോഹിത് സ്വന്തമാക്കിയിരുന്നു.
മികച്ച രീതിയില്‍ ബാറ്റിങ് തുടരവെ രോഹിത് ശര്‍മയെ സാം കറന്‍ പുറത്താക്കുകയായിരുന്നു. 25 പന്തില്‍ 36 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. രണ്ട് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
എന്നാല്‍ പുറത്താകും മുമ്പേ രണ്ട് തകര്‍പ്പന്‍ നേട്ടങ്ങളാണ് രോഹിത് സ്വന്തമാക്കിയത്. ഐ.പി.എല്ലിലെ 6,500 റണ്‍സ് മാര്‍ക് പിന്നിട്ടാണ് രോഹിത് ചരിത്രമെഴുതിയത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് മാത്രം താരമാണ് രോഹിത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍
വിരാട് കോഹ്‌ലി – 7624
ശിഖര്‍ ധവാന്‍ – 6,769
ഡേവിഡ് വാര്‍ണര്‍ – 6,563
രോഹിത് ശര്‍മ – 6,508
പഞ്ചാബിനെതിരെ നേടിയ മൂന്ന് സിക്‌സറിന് പിന്നാലെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. മുംബൈ ലെജന്‍ഡ് കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തെത്തിയത്.
മുംബൈ ഇന്ത്യന്‍സിനായി ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍
രോഹിത് ശര്‍മ – 224
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 223
ഹര്‍ദിക് പാണ്ഡ്യ – 104
ഇഷാന്‍ കിഷന്‍ – 103
സൂര്യകുമാര്‍ യാദവ് – 95
അതേസമയം, ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടി. അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സാണ് മുംബൈക്ക് തുണയായത്.
53 പന്തില്‍ 78 റണ്‍സാണ് സ്‌കൈ നേടിയത്. രോഹിത് ശര്‍മയുടെ ഇന്നിങ്‌സിനൊപ്പം 18 പന്തില്‍ പുറത്താകാതെ 34 റണ്‍സ് നേടിയ തിലക് വര്‍മയും മുംബൈക്ക് തുണയായി.
പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സാം കറന്‍ രണ്ടും കഗീസോ റബാദ ഒരു വിക്കറ്റും നേടി.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്‌സി, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
റിലീ റൂസോ, പ്രഭ്‌സിമ്രാന്‍ സിങ്, സാം കറന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, അര്‍ഷ്ദീപ് സിങ്.
Content Highlight: IPL 2024: MI vs PBKS: Rohit Sharma completes 6,500 runs