| Thursday, 18th April 2024, 7:57 pm

ടോസ് നഷ്ടപ്പെട്ടതില്‍ സന്തോഷമെന്ന് ഹര്‍ദിക് പാണ്ഡ്യ, കാരണം... കളം പിടിക്കാന്‍ പഞ്ചാബിനെതിരെ പഞ്ചാബിന്റെ തട്ടകത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 33ാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാപൂരിലെ മഹാരാജ യാദവീന്ദ്ര അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സാം കറനിന്റെ കീഴിലാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ബൗളിങ് തെരഞ്ഞെടുത്തു.

‘ഞങ്ങള്‍ക്ക് വളരെ മികച്ച ബൗളിങ് യൂണിറ്റാണുള്ളത്. മുംബൈ ഇന്ത്യന്‍സിനെ സമ്മര്‍ദത്തിലാക്കാനാണ് ഞങ്ങളുടെ ശ്രമം. വിജയിക്കുമെന്ന് തോന്നിച്ച രണ്ട് മത്സരങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഞങ്ങള്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നാണ് ഇത് കാണിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തണമെങ്കില്‍ ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കണം,’ സാം കറന്‍ പറഞ്ഞു.

ടോസ് നേടിയാല്‍ തങ്ങള്‍ ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നു എന്നും ഇക്കാരണത്താല്‍ ടോസ് നഷ്ടപ്പെട്ടത് നല്ലതാണ് എന്നുമായിരുന്നു ഹര്‍ദിക് പാണ്ഡ്യ പറഞ്ഞത്.

‘ഞങ്ങള്‍ ആദ്യം ബാറ്റ് ചെയ്യാനിരുന്നതിനാല്‍ ടോസ് നഷ്ടപ്പെട്ടത് നല്ലതാണ്. ടീമിലെ എല്ലാ താരങ്ങളും ആത്മവിശ്വാസത്തിലാണ്. താരങ്ങള്‍ അവരുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ അവരോട് ഒരിക്കലും എനിക്ക് പരുഷമായി പെരുമാറാന്‍ സാധിക്കില്ല. ഞങ്ങള്‍ക്ക് എല്ലാ കളിക്കാരുടെയും സംഭാവന ആവശ്യമാണ്, അത് സംഭവിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും,” ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

അതേസയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. എട്ട് പന്തില്‍ എട്ട് റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. കഗീസോ റബാദയെറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഹര്‍പ്രീത് ബ്രാറിന് ക്യാച്ച് നല്‍കിയാണ് ഇഷാന്‍ തിരിച്ചുനടന്നത്.

നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 27 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് മുംബൈ. അഞ്ച് പന്തില്‍ പത്ത് റണ്‍സുമായി രോഹിത് ശര്‍മയും അഞ്ച് പന്തില്‍ ഒമ്പത് റണ്‍സുമായി സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മുഹമ്മദ് നബി, ജെറാള്‍ഡ് കോട്‌സി, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

റിലീ റൂസോ, പ്രഭ്‌സിമ്രാന്‍ സിങ്, സാം കറന്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗീസോ റബാദ, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2024: MI vs PBKS: Hardik Pandya says it is good toss to lose

We use cookies to give you the best possible experience. Learn more