| Tuesday, 30th April 2024, 9:36 pm

സെലക്ഷന്‍ ഡേയില്‍ ക്യാപ്റ്റന് വൈസ് ക്യാപ്റ്റന്റെ വക സമ്മാനം സ്വര്‍ണമുട്ട; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 48ാം മത്സരമാണ് ലഖ്നൗവിലെ എകാന സ്പോര്‍ട്സ് സിറ്റിയില്‍ അരങ്ങേറുന്നത്. മുംബൈ ഇന്ത്യന്‍സാണ് മത്സരത്തില്‍ ഹോം ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തുടക്കം പാളിയിരുന്നു. രോഹിത് ശര്‍മയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ പാടെ നിരാശപ്പെടുത്തി. തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി വെടിക്കെട്ട് നടത്താനുറച്ച് കളത്തിലിറങ്ങിയ രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്.

രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ ടീം സ്‌കോര്‍ ഏഴില്‍ നില്‍ക്കവെ രവി ബിഷ്‌ണോയ് യുടെ പന്തില്‍ മാര്‍കസ് സ്‌റ്റോയ്‌നിസിന് ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം. പുറത്താകുമ്പോള്‍ അഞ്ച് പന്തില്‍ നാല് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

വണ്‍ ഡൗണായെത്തിയ സൂര്യകുമാര്‍ യാദവും നാലാം നമ്പറില്‍ ഇറങ്ങിയ തിലക് വര്‍മയ്ക്കും കാര്യമായ ചലനുമുണ്ടാക്കാന്‍ സാധിച്ചില്ല. സൂര്യകുമാര്‍ ആറ് പന്തില്‍ പത്ത് റണ്‍സ് നേടിയപ്പോള്‍ 11 പന്തില്‍ ഏഴ് റണ്‍സാണ് തിലക് നേടിയത്.

അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ പവലിയനിലേക്ക് തിരിച്ചുനടന്നാണ് ഹര്‍ദിക് ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചത്. നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ലോകകപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച അതേ ദിവസം തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്റെയും വൈസ് ക്യാപ്റ്റന്റെയും പ്രകടനത്തില്‍ ആരാധകര്‍ നിരാശയിലാണ്.

അതേസമയം, ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്.

41 പന്തില്‍ 46 റണ്‍സടിച്ച നേഹല്‍ വധേരയാണ് ടോപ് സ്‌കോറര്‍. 18 പന്തില്‍ 35 റണ്‍സ് നേടിയ ടിം ഡേവിഡ്, 36 പന്തില്‍ 32 റണ്‍സടിച്ച ഇഷാന്‍ കിഷന്‍ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ലഖ്‌നൗവിനായി മൊഹ്‌സിന്‍ ഖാന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നവീന്‍ ഉള്‍ ഹഖ്, മാര്‍കസ് സ്‌റ്റോയ്‌നിസ്, രവി ബിഷ്‌ണോയ്, മായങ്ക് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: IPL 2024: MI vs LSG: Hardik Pandya out for golden duck

We use cookies to give you the best possible experience. Learn more