ഒരുത്തനെയും വിടാതെ തലയരിഞ്ഞിട്ടത് 35 തവണ; സഞ്ജുവിന്റെ രാജസ്ഥാന്റെ ഇരട്ടിയിലധികം
IPL
ഒരുത്തനെയും വിടാതെ തലയരിഞ്ഞിട്ടത് 35 തവണ; സഞ്ജുവിന്റെ രാജസ്ഥാന്റെ ഇരട്ടിയിലധികം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd May 2024, 10:30 pm

ഐ.പി.എല്‍ 2024ലെ 51ാം മത്സരത്തിനാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്വന്തം വാംഖഡെ സ്‌റ്റേഡിയം സാക്ഷിയാകുന്നത്. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. 2012ന് ശേഷം മുംബൈ ഇന്ത്യന്‍സിനെ വാംഖഡെയില്‍ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേര് മായ്ക്കാന്‍ കൂടിയാണ് നൈറ്റ് റൈഡേഴ്‌സ് വാംഖഡെയിലേക്കിറങ്ങിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തക്ക് തുടക്കം പിഴച്ചിരുന്നു. പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് കൊല്‍ക്കത്ത പതറിയത്. ശ്രീലങ്കന്‍ യുവതാരം നുവാന്‍ തുഷാരയാണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കൊല്‍ക്കത്തയെ പവര്‍പ്ലേയില്‍ തളച്ചിട്ടത്.

പവര്‍പ്ലേ അവസാനിച്ച ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ പിയൂഷ് ചൗളയും വിക്കറ്റ് നേടി. രണ്ട് വിക്കറ്റുമായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും തിളങ്ങി.

ആദ്യ ഓവറുകളില്‍ നുവാന്‍ തുഷാര വിക്കറ്റ് വീഴ്ത്താന്‍ മത്സരിച്ചപ്പോള്‍ അവസാന ഓവറുകളില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വീഴ്ത്തിയത്. കൊല്‍ക്കത്തക്കായി അര്‍ധ സെഞ്ച്വറി നേടിയ വെങ്കിടേഷ് അയ്യരെ അടക്കം മടക്കിയാണ് ബുംറ തിളങ്ങിയത്.

മുംബൈക്കായി ജസ്പ്രീത് ബുംറയും നുവാന്‍ തുഷാരയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. കൊല്‍ക്കത്ത നിരയില്‍ ആന്ദ്രേ റസല്‍ റണ്‍ ഔട്ടായി.

ഒടുവില്‍ 19.5 ഓവറില്‍ 169ന് മുംബൈ കൊല്‍ക്കത്തയെ പുറത്താക്കി.

ഇതോടെ തങ്ങളുടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കാനും മുംബൈക്കായി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏതിരാളികളെ ഏറ്റവുമധികം തവണ ഓള്‍ ഔട്ടാക്കിയ ടീം എന്ന നേട്ടമാണ് മുംബൈ സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ എതിരാളികെ ഓള്‍ ഔട്ടാക്കിയ ടീമുകള്‍ (നിലവിലെ ടീമുകള്‍)

മുംബൈ ഇന്ത്യന്‍സ് – 35 തവണ*

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 24 തവണ

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 23 തവണ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 19 തവണ

സണ്‍റൈസേഴ്‌സ് ഹൈദരാബദ് – 18 തവണ

പഞ്ചാബ് കിങ്‌സ് – 17 തവണ

രാജസ്ഥാന്‍ റോയല്‍സ് – 17 തവണ

ദല്‍ഹി ക്യാപ്പിറ്റല്‍സ് – 17 തവണ

ഗുജറാത്ത് ടൈറ്റന്‍സ് – 4 തവണ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 4 തവണ

അതേസമയം, കൊല്‍ക്കത്ത ഉയര്‍ത്തിയ 170 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈ നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 61ന് നാല് എന്ന നിലയിലാണ്. 16 പന്തില്‍ 18 റണ്‍സുമായി സൂര്യകുമാര്‍ യാദവും രണ്ട് പന്തില്‍ റണ്ണൊന്നുമെടുക്കാതെ നേഹല്‍ വധേരയുമാണ് ക്രീസില്‍.

 

Content highlight: IPL 2024: MI vs KKR: Mumbai Indians tops the list of teams to all out their opponents most time