IPL
എത്രയൊക്കെ വാഴ്ത്തിയാലും അത് കുറഞ്ഞുപോയെന്ന് തോന്നുന്ന ഒരേയൊരു താരം; ജയത്തേക്കാള്‍ മികച്ചുനിന്നത് പരാജയപ്പെട്ടപ്പോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
2024 May 04, 12:49 pm
Saturday, 4th May 2024, 6:19 pm

കഴിഞ്ഞ ദിവസം വാംഖഡെ സ്‌റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന്റെ മുന്നോട്ടുള്ള യാത്ര അവസാനിച്ചിരിക്കുകയാണ്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ 24 റണ്‍സിനാണ് മുംബൈക്ക് കൊല്‍ക്കത്തയോട് പരാജയപ്പെടേണ്ടി വന്നത്. 2012ന് ശേഷം ഇതാദ്യമായാണ് കൊല്‍ക്കത്ത വാംഖഡെയില്‍ വിജയിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച മുംബൈ ഇന്ത്യന്‍സ് 169 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പുറത്താക്കി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇത് 35ാം തവണയാണ് മുംബൈ എതിരാളികളുടെ പത്ത് വിക്കറ്റും പിഴുതെറിയുന്നത്.

സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ ബൗളിങ് കരുത്തിലാണ് മുംബൈ ഒന്നൊഴിയാതെ എതിരാളികളുടെ തലയരിഞ്ഞിട്ടത്. 3.5 ഓവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റാണ് താരം നേടിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ബുംറയുടെ ഏറ്റവും മികച്ച ബൗളിങ് ഫിഗറുകളിലൊന്നാണിത്.

മുംബൈ ഇന്ത്യന്‍സിനായി തന്റെ നൂറ് ശതമാനവും പുറത്തെടുത്തിട്ടും ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കാതെ പോയ താരമായി ഒരിക്കല്‍ക്കൂടി മാറിയിരിക്കുകയാണ് ബുംറ. ഐ.പി.എല്ലില്‍ തന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത മത്സരത്തില്‍ പരാജയപ്പെട്ടതുള്‍പ്പെടെ താരം തകര്‍ത്തെറിഞ്ഞിട്ടും തോറ്റുപോയ മത്സരങ്ങളുടെ കൂട്ടത്തിലേക്ക് വാംഖഡെയിലെ ഈ മത്സരവും എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.

2022ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പത്ത് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ബുംറയുടെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ നാല് ഓവര്‍ പന്തെറിഞ്ഞാണ് ബുംറ പത്ത് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

2.50 എക്കോണമിയില്‍ പന്തെറിഞ്ഞ താരം ആകെയെറിഞ്ഞ 24 പന്തില്‍ 18ലും ഒറ്റ റണ്‍സ് പോലും വഴങ്ങിയിരുന്നില്ല. ഒരു ബൗണ്ടറി മാത്രമാണ് മത്സരത്തില്‍ താരത്തിന് വഴങ്ങേണ്ടി വന്നത്. നിതീഷ് റാണ, ആന്ദ്രേ റസല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍ എന്നിവരൊണ് താരം പുറത്താക്കിയത്.

ബുംറ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും മറ്റു താരങ്ങള്‍ റണ്‍സ് വഴങ്ങിയപ്പോള്‍ കെ.കെ.ആര്‍. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 165 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 113 റണ്‍സിന് പുറത്തായി.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കളിയിലെ താരമായി തെരഞ്ഞെടുത്തത് ബുംറയെയായിരുന്നു.

പരാജയപ്പെട്ട മത്സരങ്ങളില്‍ ജസ്പ്രീത് ബുംറയുടെ മികച്ച പ്രകടനങ്ങള്‍

10/5 vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

14/3 vs ഗുജറാത്ത് ടൈറ്റന്‍സ്

17/3 vs രാജസ്ഥാന്‍ റോയല്‍സ്

18/3 vs കൊല്‍ക്കത്ത നൈററ് റൈഡേഴ്‌സ്*

3/24 – vs പഞ്ചാബ് കിങ്‌സ്

3/32 vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

3/36 vs റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

സീസണില്‍ ഇനി മൂന്ന് മത്സരങ്ങളാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. മെയ് ആറിന് സണ്‍റൈസേഴ്‌സിനെതിരെയും 11ന് വീണ്ടും കൊല്‍ക്കത്തക്കെതിരെയും 17ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുമാണ് മുംബൈക്ക് മത്സരമുള്ളത്. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയിച്ച് മുഖം രക്ഷിക്കാന്‍ തന്നെയാകും മുംബൈ ശ്രമിക്കുക.

 

Content highlight: IPL 2024: MI vs KKR: Jasprit Bumrah’s best performance in lost matches