ഐ.പി.എല്‍ 2024ലെ ആദ്യ മത്സരത്തില്‍ തന്നെ റെക്കോഡ് നേട്ടവുമായി മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീം ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ബുംറ തകര്‍പ്പന്‍ നേട്ടത്തിലെത്തിയത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ നാല് ഓവറിന്റെ ക്വാട്ട പൂര്‍ണമായും എറിഞ്ഞുതീര്‍ക്കുകയും നാലില്‍ താഴെ എക്കോണമിയില്‍ പന്തെറിയുകയും ചെയ്ത താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്.
തന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ പുറത്താക്കി ബുംറ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ഒരു തകര്‍പ്പന്‍ യോര്‍ക്കറിലൂടെ താരം സാഹയെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ശേഷം സൂപ്പര്‍ താരം ഡേവിഡ് മില്ലറിനെ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചും സായ് സുദര്‍ശനെ തിലക് വര്‍മയുടെ കൈകളിലെത്തിച്ചും ബുംറ പുറത്താക്കി.
നാല് ഓവറില്‍ 14 റണ്‍സാണ് ബുംറ വഴങ്ങിയത്. 3.50 എന്ന മികച്ച എക്കോണമിയില്‍ പന്തറിഞ്ഞ ബുംറ മൂന്ന് വിക്കറ്റ് നേടുകയും ചെയ്തു.
ഇത് പത്താം തവണയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കുന്നത്.
ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍
സുനില്‍ നരെയ്ന്‍ – 12
റാഷിദ് ഖാന്‍ – 11
ജസ്പ്രീത് ബുംറ – 10
അമിത് മിശ്ര -10
ഹര്‍ഭജന്‍ സിങ് – 10
ഈ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയതിന് പിന്നാലെ മറ്റൊരു നേട്ടവും ബുംറ സ്വന്തമാക്കി. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 20 തവണ മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളര്‍ എന്ന ഐതിഹാസിക നേട്ടമാണ് മുംബൈ ഇന്ത്യന്‍സിന്റെ യോര്‍കര്‍ സ്‌പെഷ്യലിസ്റ്റ് സ്വന്തമാക്കിയത്.
Content highlight: IPL 2024: MI vs GT: Jasprit Bumrah with yet another record