| Sunday, 7th April 2024, 4:38 pm

രക്ഷകനും രക്ഷയില്ല; ഹര്‍ദിക്കിന് കീഴിലെ ആദ്യ മത്സരത്തില്‍ ആരാധകരെ കരയിച്ച് സൂര്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 20ാം മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് ഹോം ടീമിന്റെ എതിരാളികള്‍. സീസണിലെ രണ്ടാം ഹോം മാച്ചാണ് മുംബൈ വാംഖഡെയില്‍ കളിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മികച്ച തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ 80 റണ്‍സാണ് മുന്‍ നായകന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ഏഴാം ഓവറിലെ അവസാന പന്തില്‍ രോഹിത് ശര്‍മയെ പുറത്താക്കി അക്‌സര്‍ പട്ടേലാണ് ദല്‍ഹിക്ക് ആവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 27 പന്തില്‍ 49 റണ്‍സ് നേടി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്.

വണ്‍ ഡൗണായി സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവാണ് കളത്തിലിറങ്ങിയത്. സീസണില്‍ തന്റെ ആദ്യ മത്സരത്തിനാണ് സൂര്യ വാംഖഡെയിലെത്തിയത്.

പരിക്കിന് പിന്നാലെ മുംബൈയുടെ ആദ്യ മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുകയായിരുന്ന താരത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് കളത്തിലിറങ്ങാന്‍ ബി.സി.സി.ഐ അനുവാദം നല്‍കിയത്.

വാംഖഡെയിലേക്കുള്ള തിരിച്ചുവരവില്‍ ആരാധകരും സൂര്യയില്‍ ആവശ്യത്തിലധികം പ്രതീക്ഷവെച്ചുപുലര്‍ത്തിയിരുന്നു. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള മുംബൈക്ക് അനിവാര്യമായ വിജയത്തിന് സൂര്യയുടെ സാന്നിധ്യം നിര്‍ണായകമാകുമെന്ന് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നു.

എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ ഒന്നടങ്കം അസ്ഥാനത്താക്കി താരം പൂജ്യത്തിന് പുറത്താവുകയായിരുന്നു. നേരിട്ട രണ്ടാം പന്തില്‍
ആന്റിക് നോര്‍ക്യക്ക് വിക്കറ്റ് സമ്മാനിച്ചാണ് സ്‌കൈ പുറത്തായത്.

അതേസമയം, 11 ഓവര്‍ പിന്നിടുമ്പോള്‍ 113ന് മൂന്ന് എന്ന നിലയിലാണ് മുംബൈ. ഇഷാന്‍ കിഷന്റെ വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സിന് അവസാനമായി നഷ്ടമായത്. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ചായാണ് താരം മടങ്ങിയത്. 23 പന്തില്‍ 42 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

നിലവില്‍ 13 പന്തില്‍ 15 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ഒരു പന്തില്‍ ഒരു റണ്ണുമായി തിലക് വര്‍മയുമാണ് ക്രീസില്‍.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), തിലക് വര്‍മ, ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, പിയൂഷ് ചൗള, ജെറാള്‍ഡ് കോട്‌സി, ജസ്പ്രീത് ബുംറ.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, അഭിഷേക് പോരല്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, ജെയ് റിച്ചാര്‍ഡ്‌സണ്‍, ആന്റിക് നോര്‍ക്യ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

Content Highlight: IPL 2024: MI vs DC: Suryakumar Yadav out for a duck

We use cookies to give you the best possible experience. Learn more