ഐ.പി.എല്‍ 2024ലെ 20ാം മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 234 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തി മുംബൈ ഇന്ത്യന്‍സ്. വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും ഒരുപോലെ തകര്‍ത്തടിച്ചാണ് സ്‌കോര്‍ ബോര്‍ഡില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ആദ്യ വിക്കറ്റില്‍ തകര്‍ത്തടിച്ചു. 80 റണ്‍സാണ് ആദ്യ വിക്കറ്റില്‍ മുംബൈ സ്വന്തമാക്കിയത്.
Innings Break!
A power-packed batting effort powers #MI to a formidable 234/5 🔥
ഏഴാം ഓവറിലെ അവസാന പന്തില്‍ രോഹിത് ശര്‍മയെ പുറത്താക്കി അക്‌സര്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി നില്‍ക്കവെയാണ് രോഹിത് പുറത്തായത്. 27 പന്തില്‍ 49 റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് സില്‍വര്‍ ഡക്കായി പുറത്തായി. ഇഷാന്‍ കിഷന്‍ 23 പന്തില്‍ 42 റണ്‍സും ഹര്‍ദിക് 33 പന്തില്‍ 39 റണ്‍സും നേടി.
ഇതിനിടെ തിലക് വര്‍മ ആറ് റണ്‍സിനും മടങ്ങിയിരുന്നു.
ഡെത്ത് ഓവറുകളില്‍ ക്യാപ്റ്റനെ കൂട്ടുപിടിച്ച് ടിം ഡേവിഡ് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സിക്‌സറുകളും ബൗണ്ടറികളും നേടിയ ടിം ഡേവിഡ് സ്‌കോര്‍ ബോര്‍ഡിന് വേഗം കുറയാതെ കാത്തു. ഒരുവേള ഹര്‍ദിക്കിന്റെ ഇന്നിങ്‌സിന് വേഗം കുറഞ്ഞെങ്കിലും മറുവശത്ത് ടിം ഡേവിഡ് സ്‌കോര്‍ ഉയര്‍ത്തി. ഇവരുടെ കൂട്ടുകെട്ടാണ് മുംബൈയെ വീണ്ടും മത്സരത്തിലേക്ക് കൊണ്ടുവന്നത്.
18ാം ഓവറിലെ അഞ്ചാം പന്തില്‍ ഹര്‍ദിക് പുറത്തായതോടെ വിന്‍ഡീസ് സൂപ്പര്‍ താരം റൊമാരിയോ ഷെപ്പേര്‍ഡ് കളത്തിലെത്തി. പിന്നീട് വാംഖഡെ കണ്ടത് സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ തന്നെ മികച്ച വെടിക്കെട്ടായിരുന്നു.
ആദ്യ നാല് പന്തില്‍ ഏഴ് റണ്‍സ് നേടിയ ഷെപ്പേര്‍ഡ് അവസാന ഓവറില്‍ കിരീബിയന്‍ കരുത്ത് എന്താണെന്ന് പന്തെറിഞ്ഞ നോര്‍ക്യക്ക് വ്യക്തമാക്കിക്കൊടുത്തു.
ആദ്യ പന്തില്‍ ഫോറടിച്ച ഷെപ്പേര്‍ഡ് അടുത്ത മൂന്ന് പന്തിലും തുടര്‍ച്ചയായി സിക്‌സര്‍ പറത്തി. അഞ്ചാം പന്തില്‍ മറ്റൊരു ഫോര്‍ പിറന്നപ്പോള്‍ ഓവറിലെ അവസാന പന്ത് ഒരു തകര്‍പ്പന്‍ ഫ്‌ളിക്കിലൂടെ മറ്റൊരു സിക്‌സറിനും പറത്തിയാണ് ഷെപ്പേര്‍ഡ് മുംബൈ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
മറുവശത്ത് 21 പന്തില്‍ പുറത്താകാതെ 45 റണ്‍സായിരുന്നു ടിം ഡേവിഡിന്റെ സമ്പാദ്യം. നാല് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 214.29 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
ഒടുവില്‍ നിശ്ചിത ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി മുംബൈ ഇന്നിങ്‌സ് അവസാനിപ്പിച്ചു. വാംഖഡെയില്‍ മുംബൈയുടെ ഏറ്റവുമുയര്‍ന്ന ടോട്ടലും ഐ.പി.എല്ലിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത് ടോട്ടലുമാണിത്.