ഐ.പി.എല്‍ 2024ല്‍ തങ്ങളുടെ നാലാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
പതിവിന് വിപരീതമായി മികച്ച ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ 80 റണ്‍സാണ് രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
ഏഴാം ഓവറിലെ അവസാന പന്തില്‍ രോഹിത് ശര്‍മയെ പുറത്താക്കി അക്‌സര്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി നില്‍ക്കവെയാണ് രോഹിത് പുറത്തായത്. 27 പന്തില്‍ 49 റണ്‍സാണ് താരം നേടിയത്.
𝙍𝙤 made the बच्चा पार्टी at Wankhede happy today with his 🔥 start 💙
ക്യാപ്പിറ്റല്‍സിനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ രോഹിത് ശര്‍മക്ക് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 1,000 റണ്‍സ് എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഇത് രണ്ടാം ടീമിനെതിരെയാണ് രോഹിത് 1,000 റണ്‍സ് മാര്‍ക് പിന്നിടുന്നത്.
അതേസമയം, 17 ഓവര്‍ പിന്നിടുമ്പോള്‍ 167 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് മുംബൈ. 30 പന്തില്‍ 39 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയും 15 പന്തില്‍ 23 റണ്‍സുമായി ടിം ഡേവിഡുമാണ് ക്രീസില്‍.