| Sunday, 7th April 2024, 8:55 pm

250ന്റെ കരുത്തില്‍ രോഹിത് ശര്‍മ; 150ന്റെ നിറവില്‍ ബുംറയും മുംബൈയും; റെക്കോഡുകള്‍ക്ക് വിജയത്തേക്കാള്‍ തിളക്കം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ ആദ്യ മത്സരം വിജയിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിന് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. രോഹിത് ശര്‍മ, ടിം ഡേവിഡ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

235 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ദല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. 25 പന്തില്‍ പുറത്താകാതെ 71 റണ്‍സടിച്ച ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ദല്‍ഹിയുടെ ടോപ് സ്‌കോറര്‍.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മുന്നേറ്റമുണ്ടാക്കാനും മുംബൈക്കായി. പത്താം സ്ഥാനത്ത് നിന്നും എട്ടാം സ്ഥാനത്തേക്കാണ് മുംബൈ നില മെച്ചപ്പെടുത്തിയത്. ആര്‍.സി.ബി ഒമ്പതാം സ്ഥാനത്തേക്ക് വീണപ്പോള്‍ ദല്‍ഹി പത്താം സ്ഥാനത്തേക്കും പടിയിറങ്ങി.

ഈ മത്സരത്തില്‍ പല ചരിത്ര നേട്ടങ്ങളും പിറവിയെടുത്തിരുന്നു. മുന്‍ നായകന്‍ രോഹിത് ശര്‍മക്കും ജസ്പ്രീത് ബുംറക്കും പുറമെ മുംബൈ ഇന്ത്യന്‍സ് ടീമും റെക്കോഡിട്ടിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ 150 മത്സരങ്ങളില്‍ വിജയിക്കുന്ന ആദ്യ ടീം എന്ന ചരിത്ര നേട്ടമാണ് മുംബൈ സ്വന്തമാക്കിയത്. ഐ.പി.എല്ലിന് പുറമെ ചാമ്പ്യന്‍സ് ട്രോഫിയിലും വെന്നിക്കൊടി പാറിച്ചാണ് മുംബൈ ഈ നേട്ടത്തിലെത്തിയത്.

ടി-20യില്‍ ഏറ്റവുമധികം മത്സരങ്ങള്‍ വിജയിച്ച ടീം

മുംബൈ ഇന്ത്യന്‍സ് – 150*

ചെന്നൈ സൂപ്പര്‍ കിങ്‌സ് – 148

ഇന്ത്യ – 144

ടീമിലെ ഒരു താരം പോലും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാതെ ടി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തു. 49 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍.

250 ടി-20 മത്സരങ്ങളില്‍ വിജയത്തിന്റെ ഭാഗമാകുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടമാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്.

ടി-20യില്‍ ഏറ്റവുമധികം വിജയങ്ങളുടെ ഭാഗമായ താരങ്ങള്‍

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 359

ഷോയ്ബ് മാലിക് – 325

ഡ്വെയ്ന്‍ ബ്രാവോ – 320

സുനില്‍ നരെയ്ന്‍ – 286

രോഹിത് ശര്‍മ – 250*

ആന്ദ്രേ റസല്‍ – 250

ഐ.പി.എല്ലില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന നാലാമത് താരമെന്ന നേട്ടവും രോഹിത് ശര്‍മ സ്വന്തമാക്കി. ഇതിനൊപ്പം ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും രോഹിത് തന്റെ പേരിലെഴുതിച്ചേര്‍ത്തു. ഇത് രണ്ടാം ടീമിനെതിരെയാണ് രോഹിത് ആയിരമടിക്കുന്നത്.

ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ 1,000 റണ്‍സ് നേടുന്ന താരങ്ങള്‍

(താരം – എതിരാളികള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)

ഡേവിഡ് വാര്‍ണര്‍ – പഞ്ചാബ് കിങ്സ് – 1,134

ഡേവിഡ് വാര്‍ണര്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 1,093

ശിഖര്‍ ധവാന്‍ – ചെന്നൈ സൂപ്പര്‍ കിങ്സ് – 1,057

രോഹിത് ശര്‍മ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 1,040

വിരാട് കോഹ്‌ലി – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1,030

രോഹിത് ശര്‍മ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1,026

വിരാട് കോഹ്‌ലി – ചെന്നൈ സൂപ്പര്‍ കിങ്സ് – 1,006

ഐ.പി.എല്ലില്‍ 150 വിക്കറ്റ് പൂര്‍ത്തിയാക്കിയാണ് ജ്‌സ്പ്രീത് ബുംറ ഈ മത്സരം സ്‌പെഷ്യലാക്കിയത്. മത്സരത്തില്‍ അഭിഷേക് പോരലിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് താരം 150 ഐ.പി.എല്‍ വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിട്ടത്.

ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ പേസര്‍ എന്ന നേട്ടവും ബുംറ സ്വന്തമാക്കി.

ഏപ്രില്‍ 11നാണ് മുംബൈയുടെ അടുത്ത മത്സരം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സാണ് എതിരാളികള്‍.

Content highlight: IPL 2024: Mi vs DC: Rohit Sharma and Jasprit Bumrah with several records

We use cookies to give you the best possible experience. Learn more