എല്ലാത്തിനും കാരണം ആ ആറ് പന്തുകള്‍; ഹര്‍ദിക്കിന് കീഴില്‍ മുംബൈക്ക് ആദ്യ ജയം; പോയിന്റ് പട്ടികയില്‍ മുന്നേറ്റം
IPL
എല്ലാത്തിനും കാരണം ആ ആറ് പന്തുകള്‍; ഹര്‍ദിക്കിന് കീഴില്‍ മുംബൈക്ക് ആദ്യ ജയം; പോയിന്റ് പട്ടികയില്‍ മുന്നേറ്റം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th April 2024, 7:56 pm

ഐ.പി.എല്‍ 2024ല്‍ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റിഷബ് പന്തിന്റെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ അക്കൗണ്ട് തുറന്നിരിക്കുന്നത്. 29 റണ്‍സിനാണ് മുംബൈയുടെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ക്യാപ്പിറ്റല്‍സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് തകര്‍ത്തടിച്ചു. 80 റണ്‍സാണ് ആദ്യ വിക്കറ്റില്‍ മുംബൈ സ്വന്തമാക്കിയത്.

ഏഴാം ഓവറിലെ അവസാന പന്തില്‍ രോഹിത് ശര്‍മയെ പുറത്താക്കി അക്സര്‍ പട്ടേലാണ് കൂട്ടുകെട്ട് പൊളിച്ചത്. അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികിലെത്തി നില്‍ക്കവെയാണ് രോഹിത് പുറത്തായത്. 27 പന്തില്‍ 49 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവ് സില്‍വര്‍ ഡക്കായി പുറത്തായി. ഇഷാന്‍ കിഷന്‍ 23 പന്തില്‍ 42 റണ്‍സും ഹര്‍ദിക് 33 പന്തില്‍ 39 റണ്‍സും നേടി.

ഇതിനിടെ തിലക് വര്‍മ ആറ് റണ്‍സിനും മടങ്ങിയിരുന്നു.

ഡെത്ത് ഓവറുകളില്‍ ക്യാപ്റ്റനെ കൂട്ടുപിടിച്ച് ടിം ഡേവിഡ് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സിക്സറുകളും ബൗണ്ടറികളും നേടിയ ടിം ഡേവിഡ് സ്‌കോര്‍ ബോര്‍ഡിന് വേഗം കുറയാതെ കാത്തു. ഒരുവേള ഹര്‍ദിക്കിന്റെ ഇന്നിങ്സിന് വേഗം കുറഞ്ഞെങ്കിലും മറുവശത്ത് ടിം ഡേവിഡ് സ്‌കോര്‍ ഉയര്‍ത്തി. ഇവരുടെ കൂട്ടുകെട്ടാണ് മുംബൈയെ വീണ്ടും മത്സരത്തിലേക്ക് കൊണ്ടുവന്നത്.

ഹര്‍ദിക് പുറത്തായതിന് പിന്നാലെ വിന്‍ഡീസ് ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റര്‍ റൊമാരിയോ ഷെപ്പേര്‍ഡാണ് ക്രീസിലെത്തിയത്. ഇന്നിങ്‌സ് അവസാനിക്കാന്‍ വെറും 13 പന്തുകള്‍ മാത്രമായിരുന്നു അപ്പോള്‍ ബാക്കിയുണ്ടായിരുന്നത്.

19ാം ഓവറില്‍ നാല് പന്ത് നേരിട്ട താരം ഏഴ് റണ്‍സ് നേടി. എന്നാല്‍ അവസാന ഓവറിലാണ് ഷെപ്പേര്‍ഡ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. ആദ്യ പന്തില്‍ ഫോറടിച്ച ഷെപ്പേര്‍ഡ് അടുത്ത മൂന്ന് പന്തിലും തുടര്‍ച്ചയായി സിക്സര്‍ പറത്തി. അഞ്ചാം പന്തില്‍ മറ്റൊരു ഫോര്‍ പിറന്നപ്പോള്‍ ഓവറിലെ അവസാന പന്ത് ഒരു തകര്‍പ്പന്‍ ഫ്ളിക്കിലൂടെ മറ്റൊരു സിക്സറിനും പറത്തിയാണ് ഷെപ്പേര്‍ഡ് മുംബൈ ഇന്നിങ്സ് അവസാനിപ്പിച്ചത്.

ഒടുവില്‍ നിശ്ചിത ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി മുംബൈ ഇന്നിങ്സ് അവസാനിപ്പിച്ചു. വാംഖഡെയില്‍ മുംബൈയുടെ ഏറ്റവുമുയര്‍ന്ന ടോട്ടലും ഐ.പി.എല്ലിലെ ഏറ്റവുമുയര്‍ന്ന മൂന്നാമത് ടോട്ടലുമാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ആദ്യ ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ ക്യാപ്പിറ്റല്‍സ് പാടുപെടുകയായിരുന്നു. നാലാം ഓവറില്‍ ഡേവിഡ് വാര്‍ണര്‍ പുറത്താവുകയും ചെയ്തതോടെ ക്യാപ്പിറ്റല്‍സ് ആരാധകര്‍ ആശങ്കയിലായി.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ പൃഥ്വി ഷായും അഭിഷേക് പോരലും സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 22ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 110ലാണ്. പൃഥ്വി ഷായെ മടക്കി ബുംറയാണ് മുംബൈക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 40 പന്തില്‍ 60 റണ്‍സാണ് പുറത്താകുമ്പോള്‍ ഷായുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

ടീം സ്‌കോര്‍ 144ല്‍ നില്‍ക്കവെ പോരലും പുറത്തായി. 31 പന്തില്‍ 41 റണ്‍സാണ് താരം നേടിയത്.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ റിഷബ് പന്തും അക്‌സര്‍ പട്ടേലും ലളിത് യാദവും ഒറ്റയക്കത്തിന് പുറത്തായി.

എന്നാല്‍ മറുവശത്ത് ട്രിസ്റ്റണ്‍ സ്റ്റബ്‌സ് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. പിന്തുണ നല്‍കാന്‍ ഒരാള്‍ പോലുമില്ലാതിരുന്നിട്ടും സ്റ്റബ്‌സ് തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു.

25 പന്തില്‍ പുറത്താകാതെ 71 റണ്‍സാണ് താരം നേടിയത്. ഏഴ് സിക്‌സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 284.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

19 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 201 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ദല്‍ഹി. നേരത്തെ 19 ഓവറില്‍ 202/5 എന്ന നിലയില്‍ നില്‍ക്കവെയാണ് മുംബൈ 20ാം ഓവര്‍ നേരിട്ടത്.

അവസാന ഓവറില്‍ മുംബൈ 32 റണ്‍സ് നേടിയപ്പോള്‍ നാല് റണ്‍സ് മാത്രമാണ് ദല്‍ഹിക്ക് നേടാന്‍ സാധിച്ചത്.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് മുംബൈ. ദല്‍ഹി പത്താം സ്ഥാനത്തേക്കും ആര്‍.സി.ബി ഒമ്പതാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

ഏപ്രില്‍ 11നാണ് മുംബൈയുടെ അടുത്ത മത്സരം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സാണ് എതിരാളികള്‍.

 

 

Content Highlight: IPL 2024: MI vs DC: Mumbai with their first win of the season