| Sunday, 28th April 2024, 6:18 pm

ടീമിന്റെ തോല്‍വിക്ക് കാരണം ടോപ് സ്‌കോററായ തിലക്; യുവതാരത്തിനെ ആഞ്ഞടിച്ച് ഹര്‍ദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരുന്നു. ക്യാപ്പിറ്റല്‍സിന്റെ തട്ടകമായ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി. ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ക്യാപ്പിറ്റല്‍സ് തകര്‍പ്പന്‍ സ്‌കോര്‍ നേടിയത്.

258 റണ്‍സിന്റെ ലക്ഷ്യവുമായി കളത്തിലിറങ്ങിയ മുംബൈക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സാണ് നേടാന്‍ സാധിച്ചത്. 32 പന്തില്‍ 63 റണ്‍സ് നേടിയ തിലക് വര്‍മയുടെ അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ മുംബൈ പൊരുതിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.

ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ പരാജയത്തിനുള്ള കാരണം വ്യക്തമാക്കുകയാണ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ. തിലക് വര്‍മയുടെ ഗെയിം അവേര്‍ണസിന്റെ അഭാവമാണ് മുംബൈക്ക് മത്സരം നഷ്ടമാകാന്‍ കാരണമെന്നാണ് പാണ്ഡ്യ അഭിപ്രായപ്പെട്ടത്.

അക്‌സര്‍ പട്ടേലിനെതിരെ തിലക് വര്‍മ മികച്ച പ്രകടനം നടത്താത്തതാണ് പരാജയത്തിന് കാരണമെന്നാണ് പാണ്ഡ്യ പറയുന്നത്.

‘അക്‌സര്‍ പട്ടേലിനെതിരെ തിലക് വര്‍മ കൂടുതല്‍ മികച്ച പ്രകടനം നടത്തണമായിരുന്നു. ഈ ഗെയിം അവേര്‍ണസില്ലാത്തതാണ് മുംബൈ ഇന്ത്യന്‍സ് ദല്‍ഹിക്കെതിരെ പരാജപ്പെടാന്‍ കാരണമായത്,’ പാണ്ഡ്യ പറഞ്ഞു.

‘ഇത് റണ്ണൊഴുകിയ മത്സരമായിരുന്നു. ബൗളര്‍മാര്‍ ഒരുപാട് റണ്‍സ് വഴങ്ങുകയും ചെയ്തു. ഇത് മനസില്‍ വെച്ചുകൊണ്ട് മിഡില്‍ ഓവറുകളില്‍ ഞങ്ങള്‍ കൂടുതല്‍ റണ്‍സ് നേടണമായിരുന്നു. എന്നാല്‍ ഞങ്ങള്‍ ആഗ്രഹിച്ചതെന്തോ അത് നേടാന്‍ ഞങ്ങള്‍ക്കായില്ല,’ പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ രണ്ട് ഓവറാണ് അക്‌സര്‍ പന്തെറിഞ്ഞത്. ഇതില്‍ ആറ് പന്തുകള്‍ നേരിട്ടത് അക്‌സറായിരുന്നു. നേരിട്ട ആദ്യ നാല് പന്തിലും താരം സിംഗിള്‍ നേടുകയായിരുന്നു. അഞ്ചാം പന്തില്‍ സിക്‌സര്‍ നേടിയ താരം ആറാം പന്തില്‍ ബൗണ്ടറിയും നേടി. ഇതിന് പിന്നാലെ പത്ത് ഓവറില്‍ മുംബൈ മൂന്ന് വിക്കറ്റിന് 115 എന്ന നിലയിലുമെത്തിയിരുന്നു.

രണ്ട് ഓവറില്‍ നിന്നും 12.00 എക്കോണമിയില്‍ 24 റണ്‍സ് വഴങ്ങിയ അക്‌സര്‍ പട്ടേലിനെ റിഷബ് പന്ത് ശേഷം പന്തേല്‍പിച്ചിരുന്നില്ല.

സീസണില്‍ ഇത് ആറാം തവണയാണ് മുംബൈ പരാജയം രുചിക്കുന്നത്. കഴിഞ്ഞ മത്സരത്തിലും പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈ. ഒമ്പത് മത്സരത്തില്‍ നിന്നും ആറ് പോയിന്റാണ് ടീമിനുള്ളത്.

ഏപ്രില്‍ 30നാണ് മുംബൈയുടെ അടുത്ത മത്സരം. ഏകാന സ്പോര്‍ട്സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.

Content highlight: IPL 2024: MI vs DC: Hardik Pandya blames Tilak Varma for Mumbai’s loss

We use cookies to give you the best possible experience. Learn more