ഐ.പി.എല്‍ 2024ലെ 29ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുമ്പില്‍ 207 റണ്‍സിന്റെ വിജയലക്ഷ്യം പടുത്തുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്‍രെയും ശിവം ദുബെയുടെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്.
ഇന്നിങ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ സൂപ്പര്‍ കിങ്‌സിനെ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍ അജിന്‍ക്യ രഹാനെ അഞ്ച് റണ്‍സിന് പുറത്തായി. ജെറാള്‍ഡ് കോട്‌സിയുടെ പന്തില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദാണ് ക്രീസിലെത്തിയത്. മറുതലയ്ക്കലുള്ള രചിന്‍ രവീന്ദ്രയെ ഒപ്പം കൂട്ടി ഗെയ്ക്വാദ് സ്‌കോര്‍ ഉയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
ടീം സ്‌കോര്‍ എട്ടില്‍ ഒന്നിച്ച ഇരുവരുടെയും കൂട്ടുകെട്ട് പിരിയുന്നത് 60ലാണ്. രചിന്‍ രവീന്ദ്രയെ പുറത്താക്കി ശ്രേയസ് ഗോപാലാണ് പാര്‍ട്ണര്‍ഷിപ്പ് പൊളിച്ചത്. 16 പന്തില്‍ 21 റണ്‍സാണ് പുറത്താകുമ്പോള്‍ രചിന്‍ നേടിയത്.
രചിന്‍ പുറത്തായെങ്കിലും ഗെയ്ക്വാദ് അടി തുടര്‍ന്നു. ശിവം ദുബെയെ ഒപ്പം കൂട്ടിയാണ് ഗെയ്ക്വാദ് റണ്ണടിച്ചുകൂട്ടിയത്. മൂന്നാം വിക്കറ്റിലെ ഇരുവരുടെയും കൂട്ടുകെട്ടാണ് ചെന്നൈ ഇന്നിങ്‌സിനെ പിന്നീടങ്ങോട്ട് കെട്ടിപ്പൊക്കിയത്.
90 റണ്‍സിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. ടീം സ്‌കോര്‍ 150ല്‍ നില്‍ക്കവെ ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. 40 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സറും അടക്കം 172.50 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 69 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്.
ഗെയ്ക്വാദിന് പിന്നാലെ സൂപ്പര്‍ താരം ഡാരില്‍ മിച്ചല്‍ കളത്തിലിറങ്ങി. 14 പന്ത് നേരിട്ട് 17 റണ്‍സ് നേടിയാണ് താരം പുറത്തായത്.
അവസാന ഓവറിലെ രണ്ടാം പന്തിലാണ് മിച്ചല്‍ പുറത്തായത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ബൗണ്ടറി ലൈനിന് സമീപം മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കിയാണ് താരം തിരിച്ചുനടന്നത്.
അവസാന നാല് പന്ത് നേരിടാന്‍ ധോണി ക്രീസിലെത്തി. സ്‌ട്രൈക്കിലെത്തി നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടിയാണ് ധോണി തുടങ്ങിയത്. ലോങ് ഓഫിന് മുകളിലൂടെയാണ് പന്ത് ഗ്യാലറിയിലെത്തിയത്.
ഓവറിലെ അടുത്ത പന്ത് മീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെയും അഞ്ചാം പന്ത് ഡീപ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ അതിര്‍ത്തി കടന്നപ്പോള്‍ അവസാന പന്തില്‍ ഡബിളോടി ധോണി ഇന്നിങ്‌സ് അവസാനിപ്പിച്ചു.
നാല് പന്തില്‍ മൂന്ന് സിക്‌സറിന്റെ അകമ്പടിയോടെ 20 റണ്‍സാണ് താരം നേടിയത്. 500.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് കരിയറിലെ 250ാം ഐ.പി.എല്‍ മത്സരത്തില്‍ ധോണി തിളങ്ങിയത്.
ഈ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും ധോണി നേടിയിരുന്നു. ഒരു ഐ.പി.എല്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
2020ല്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരിക്കെ സണ്‍റൈസേഴ്‌സിനെതിരെ ക്രുണാല്‍ പാണ്ഡ്യ സ്വന്തമാക്കിയ 500.00 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിനൊപ്പമാണ് ധോണിയെത്തിയത്. നാല് പന്തില്‍ 20 റണ്‍സാണ് ക്രുണാലും നേടിയത്.
ഇപ്പോള്‍ അതേ ക്രുണാലിന്റെ സഹോദരനെതിരെയാണ് ധോണി ഈ നേട്ടം നേടിയതെന്നതും ശ്രദ്ധേയമാണ്.
Content Highlight: IPL 2024: MI vs CSK: MS Dhoni’s brilliant innings against Mumbai Indians